കെസിആറിനെതിരെ രൂക്ഷ വിമർശനവുമായി മകൾ കെ കവിത

ബെംഗ്ളൂരു: തെലുങ്കാനയിലെ മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിനെതിരെ രൂക്ഷ വിമർശനവുമായി മകൾ കെ. കവിത രംഗത്ത് . ബിജെപിക്ക് എതിരെ കൂടുതൽ ശക്തമായ രീതിയിൽ വിമർശനം നടത്തണമെന്നാണ് കത്തിലെ ആവശ്യം. കെസിആറിന് കവിത എഴുതിയ കത്ത് പുറത്ത് വന്നിട്ടുണ്ട്..
കെസിആറിൽ നിന്നും വഖഫ് ബിൽ അടക്കമുള്ളവയിൽ ശക്തമായ രീതിയിലുള്ള ഒരു പ്രതികരണം പാർട്ടി പ്രവർത്തകർ പ്രതീക്ഷിച്ചിരുന്നുവെന്ന് കവിത ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം സംവരണം അടക്കമുള്ള വിഷയങ്ങളിലും ശക്തമായ നിലപാട് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കെസിആറിൽ നിന്നും ഇതുണ്ടായില്ല. താഴെത്തട്ടിലുള്ള നേതാക്കളെയും പ്രവർത്തകരെയും കാണാൻ കെസിആർ തയ്യാറാകുന്നില്ല. കെസിആറിനെ നേരിട്ട് കാണാനുള്ള അനുമതി വളരെ ചുരുക്കം ചലരിലേക്ക് ഒതുങ്ങുകയാണ്. താഴത്തട്ടിലെ പ്രവർത്തകർ നിരാശരാണ്. ‘പാർട്ടി പ്ലീനറി വിളിക്കണം’. രണ്ട് ദിവസത്തെ പാർട്ടി പ്ലീനറി ഉടൻ വിളിക്കണമെന്നും കവിത ആവശ്യപ്പെട്ടു.
ബിജെപിയിൽ ചേർന്ന ഈട്ടല രാജേന്ദർ ആണ് ഇതിന് മുൻപ് പാർട്ടിയിൽ കെസിആറിന് എതിരെ ശബ്ദമുയർത്തിയ ഏകവ്യക്തി എന്നതും ശ്രദ്ധേയം. മെയ് 2 എന്ന് തീയതി രേഖപ്പെടുത്തിയിരിക്കുന്ന കത്ത് ഇപ്പോഴാണ് പുറത്ത് വന്നത്. കവിത ഇപ്പോൾ കുടുംബത്തോടൊപ്പം അമേരിക്കയിലാണ് താമസിക്കുന്നത്. നാളെ കവിത നാട്ടിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.