ഈന്തപഴം പായസം; ഇങ്ങനെയൊരു പായസം കഴിച്ചിട്ടുണ്ടാകില്ല
ഓണത്തിന് സദ്യയാണ് പ്രധാനമെങ്കിൽ മധുരപ്രിയർക്ക് ഏറ്റവും ഇഷ്ടം പായസമാണ്. അവിയലും സാമ്പാറും പരിപ്പും തോരനും കൂട്ടുകറിയും അച്ചാറുമൊക്കെ കൂട്ടി സദ്യ കഴിച്ചിട്ട് മധുരമൂറുന്ന പായസം കൂടി കഴിച്ചാലേ സദ്യ കളറാകുകയുള്ളൂ. ഓണം വരവായി, ഉപ്പേരി വറക്കലും സദ്യക്കുള്ള പച്ചക്കറികള്‍ വാങ്ങാനുള്ള തിരക്കിലുമാണ് മലയാളക്കര. കാലം മാറുന്നതനുസരിച്ച് ഓണത്തിന് മോടികൂട്ടുവാനായി പുതിയ പുതിയ മാറ്റങ്ങളും ഇപ്പോൾ കാണാം. ഇത്തവണ ഓണത്തിന് സ്പെഷൽ പായസം ഉണ്ടാക്കിയാലോ? മാരിയറ്റിന്റെ പോർട്ട് മുസിരിസ് ഹോട്ടലിലെ ഷെഫ് റിനുവാണ് ഈ സ്പെഷൽ പായസം റെസിപ്പി പങ്കുവച്ചിരിക്കുന്നത്. വെറൈറ്റി ഈന്തപ്പഴം പായസം തന്നെ റെഡിയാക്കാം. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
ഈന്തപ്പഴം
ശർക്കര പാനി
തേങ്ങാ പാൽ
ഏലയ്ക്ക പൊടി
ജീരകം പൊടി
ചുക്ക് പൊടി
കശുവണ്ടി
തേങ്ങാകൊത്ത്
എള്ള്
നെയ്യ്
തയാറാക്കുന്ന വിധം
പാൻ ചൂടാകുമ്പോൾ നെയ്യ് ചേർത്ത് തേങ്ങാ കൊത്തും കശുവണ്ടിയും എള്ളും പ്രത്യേകം വറുത്തു കോരി മാറ്റിവയ്ക്കാം. അതേ പാനിൽ വീണ്ടും നെയ്യ് ഒഴിച്ച് അൽപ്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുത്ത ഈന്തപ്പഴം ചേർക്കാം. അതിലെ വെള്ളമയം മാറുന്നിടം വരെ വഴറ്റാം. ശേഷം ശർക്കര പാനി ചേർത്തും നന്നായി ഇളക്കി കൊടുക്കാം. അതിലേക്ക് ഏലയ്ക്കാപൊടിയും ചുക്കും ജീരകവും ചേർത്ത് നന്നായി ഇളക്കണം. നല്ല നൂല്‍ പാകം ആകുമ്പോൾ അതിലേക്ക് കട്ടിയുള്ള തേങ്ങാപാൽ ചേർക്കാം. നന്നായി മിക്സ് ചെയ്യണം. ശേഷം വറുത്തു കോരിയ കശുവണ്ടിയും തേങ്ങാകൊത്തും
എള്ളും ചേർക്കാം. അടിപൊളി രുചിയിൽ ഈന്തപ്പഴം പായസം റെഡി. സിംപിളയി തയാറാക്കാവുന്നതാണ്. ഇത്തവണത്തെ ഓണം സ്പെഷലാക്കാൻ ഈന്തപ്പഴം പായസം തന്നെ തയാറാക്കിക്കോളൂ. ടേസ്റ്റി ആൻസ് ഹെൽത്തിയാണ്.
ഹെൽത്തിയാണ് ഈന്തപ്പഴം
വര്‍ഷം മുഴുവനും ലഭ്യമാകുന്നതാണ് ഈന്തപ്പഴം. മധ്യപൂർവദേശത്തെയും ഉത്തര ആഫ്രിക്കയിലെയും ആളുകളുടെ പ്രധാന ഭക്ഷ്യവസ്തുക്കളില്‍ ഒന്നാണ് ഇത്. ഒട്ടേറെ മാക്രോ ന്യൂട്രിയന്റുകളും പോഷകഘടകങ്ങളും അടങ്ങിയ ഈന്തപ്പഴം ദിവസവും കഴിക്കുന്നത് ഏറെ ഗുണകരമാണ്. ശാസ്ത്രീയമായി ഫീനിക്സ് ഡാക്റ്റിലിഫെറ എന്നറിയപ്പെടുന്ന ഇത് ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ്.
ഈന്തപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ ഊര്‍ജം അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിങ്ങനെ, ഈ ഊർജത്തിന്റെ ഭൂരിഭാഗവും പഞ്ചസാരയുടെ രൂപത്തിലാണെങ്കിലും ധാരാളം നാരുകളും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും കാരണം, മിതമായ അളവില്‍ പ്രമേഹരോഗികള്‍ക്കു പോലും ഇത് സുരക്ഷിതമായി കഴിക്കാം. ഇത് ശരീരഭാരവും രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാന്‍ സഹായിക്കും. ഈന്തപ്പഴത്തിന് ഇൻസുലിൻ ഉൽപാദനം വർധിപ്പിക്കാനുള്ള കഴിവുണ്ട്, കൂടാതെ കുടലിൽനിന്ന് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നതിന്റെ തോത് കുറയ്ക്കാനും ഈന്തപ്പഴത്തിന് കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.