തമിഴ് നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു

0

ചെന്നൈ: തമിഴ് സിനിമാ നടന്‍ ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയില്‍ നടക്കും.

തമിഴ് ഉൾപ്പടെ നിരവധി ഭാഷകളിൽ അഭിനയിച്ച ബാലാജി 1975ലാണ് ജനിച്ചത്. കമൽ ഹാസന്റെ ‘മരുതനായക’ത്തിൽ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്കുള്ള പ്രവേശനം. തമിഴ് ടെലിവിഷൻ സീരിയലിലൂടെ അഭിനയ രംഗത്തെത്തി.

വേട്ടയാട് വിളയാട്, വട ചെന്നൈ, മായവൻ, ഭെെരവ തുടങ്ങിയവയാണ് ശ്രദ്ധേയമായ തമിഴ് ചിത്രങ്ങൾ. തമിഴിന് പുറമെ മലയാളം, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി 2004ൽ തീയേറ്ററുകളിലെത്തിയ ബ്ലാക്ക് എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര മേഖലയിലേക്ക് അദ്ദേഹമെത്തുന്നത്. തുടർന്ന് ഭഗവാൻ, ഡാഡികൂൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

തമിഴ് സിനിമാ ലോകത്തേയും ആരാധകരേയും ഞെട്ടിച്ചാണ് ഡാനിയല്‍ ബാലാജിയുടെ മരണ വാര്‍ത്ത എത്തുന്നത്. ടെലിവിഷനിലൂടെയാണ് ബാലാജി ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ഡാനിയൽ ബാലാജിയുടെ മരണത്തിൽ അനുശോചനമറിയിച്ച് എത്തുകയാണ് സിനിമാലോകം. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടന്റെ വസതിയിൽ നടക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *