നൃത്താധ്യാപികയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

0

ബെം​ഗളൂരു : ബെംഗളുരുവിലെ കെങ്കേരിയിൽ യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. സുഹൃത്തായ യുവതിക്കൊപ്പം ഉറങ്ങുകയായിരുന്ന നവ്യശ്രീ (28) ആണ് കൊല്ലപ്പെട്ടത്. രാവിലെ കിടക്കയിലെ രക്തത്തിന്‍റെ നനവ് കണ്ടാണ് തൊട്ടടുത്ത് കിടന്നുറങ്ങിയിരുന്ന സുഹൃത്തായ പെൺകുട്ടി വിവരമറിഞ്ഞത്. ബെംഗളുരു സ്വദേശിയാണ് കൊല്ലപ്പെട്ട നവ്യശ്രീ. ഭർത്താവിനെ പേടിച്ചാണ് നവ്യ സുഹൃത്തിന്റെ വീട്ടിലെത്തിയത്. സംഭവത്തിൽ ഭർത്താവ് കിരൺ (31) അറസ്റ്റിലായി. ഇയാൾ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ്. അർദ്ധരാത്രി നവ്യശ്രീയെ വാ പൊത്തിപ്പിടിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നി​ഗമനം.

നവ്യശ്രീയും കിരണും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകുമായിരുന്നു. തന്നെ കിരൺ ഉപദ്രവിക്കുമെന്ന് ഭയമുണ്ടെന്ന് കുടുംബത്തോടും സുഹൃത്തുക്കളോടും നവ്യശ്രീ പറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് സുഹൃത്തായ ഐശ്വര്യയുടെ വീട്ടിൽ എത്തിയത്. ഇരുവരും സംസാരിച്ച ശേഷം രാത്രി കിടന്നുറങ്ങി രാവിലെ ദേഹത്ത് നനവ് തട്ടി എഴുന്നേറ്റ ഐശ്വര്യ കണ്ടത് കിടക്ക മുഴുവൻ രക്തം. ഐശ്വര്യ ഭയന്ന് നിലവിളിച്ച് അയൽക്കാരെയും പിന്നീട് പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. താൻ തന്നെയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി കിരൺ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ശിവമോഗ ജില്ലയിലെ ഭദ്രാവതി സ്വദേശിയായ നവ്യശ്രീയും ഐശ്വര്യയും ബാല്യകാല സുഹൃത്തുക്കളായിരുന്നു. വീട്ടുകാരിൽ നിന്ന് കടുത്ത എതിർപ്പ് അവ​ഗണിച്ചാണ് കിരണും നവ്യശ്രീയും വിവാഹം കഴിച്ചത്. കഴിഞ്ഞ ഒരു വർഷമായി ദമ്പതികൾക്കിടയിൽ പ്രശ്നങ്ങളുണ്ടായിരുന്നു. കൊറിയോ​ഗ്രാഫറായ നവ്യശ്രീക്ക് സമൂഹത്തിൽ നിന്ന് ബഹുമാനം ലഭിക്കുന്നതും ഇയാളെ അസ്വസ്ഥനാക്കി. നവശ്രീയുടെ വിശ്വസ്തതയെ സംശയിക്കുകയും പലപ്പോഴും അവളുമായി വഴക്കിടുകയും ചെയ്തു. കിരൺ നവ്യശ്രീയുടെ മൊബൈൽ ഫോൺ പതിവായി പരിശോധിക്കുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കിരണിന്റെ ശല്യം സഹിക്ക വയ്യാതെയാണ് ഒടുവിൽ ഐശ്വര്യയുടെ വീട്ടിലെത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *