ദാന കരതൊട്ടു: ഒഡീഷയിൽ കനത്ത ജാഗ്രത
ഭുവനേശ്വർ: തീവ്ര ചുഴലിക്കാറ്റായി ദാന ചുഴലിക്കാറ്റ് വടക്കൻ ഒഡീഷ തീരം പിന്നിട്ടു. ഭദ്രക്ക് ഉൾപ്പെടെയുളള മേഖലകളിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. നിലവിൽ മണിക്കൂറിൽ 110 കിലോമീറ്റർ മുതൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് കാറ്റ് വീശുന്നത്. രാവിലെ പതിനൊന്നരയോടെ കാറ്റിന്റെ ശക്തി കുറയും. വൈകുന്നേരത്തോടെ കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറും. തുടർന്ന് മണിക്കൂറിൽ 50 കിലോമീറ്റർ എന്ന രീതിയിൽ വേഗത കുറയും.
പല ജില്ലകളിലും വലിയ കാറ്റും മഴയും തുടരുകയാണ്. പലയിടത്തും മരങ്ങൾ കടപുഴകി. ഇതുവരെ ആളപായം ഉണ്ടായിട്ടില്ല. 16 ജില്ലകളിൽ മിന്നൽ പ്രളയത്തിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഏത് സാഹചര്യവും നേരിടാൻ തയാറാണെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു.
ഒഡിഷയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തി. ഒഡിഷ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.
ഒഡിഷയിൽ ആറ് ലക്ഷത്തോളം തീരദേശ വാസികളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 400 ഓളം ട്രെയിനുകള്‍ റദ്ദാക്കി. ഭുവനേശ്വറിലെയും കൊൽക്കത്തയിലെയും വിമാനത്താവളങ്ങൾ വെള്ളിയാഴ്ച രാവിലെ 9 വരെ പ്രവർത്തനം നിർത്തിവച്ചു. 45 ഓളം വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള ഒഡീഷയിലെ 14 ജില്ലകളിലായി 182 ഫയർ ആൻഡ് റെസ്ക്യൂ ടീമുകളെ വിന്യസിച്ചിട്ടുണ്ട്