‘ഫെംഗൽ’ചുഴലിക്കാറ്റ് / തമിഴ്‌നാട്ടിൽ അതീവ ജാഗ്രത
ചെന്നൈ: ‘ഫെംഗൽ ‘(Fengal)ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലെ തീരദേശ ജില്ലകളിലേക്ക് അടുക്കുമ്പോൾ, സംസ്ഥാനത്തിൻ്റെ മിക്ക ഭാഗങ്ങളിലും മഴ പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.അടുത്ത 24 മണിക്കൂറിനുള്ളിൽ ഫെംഗൽ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം.
“ഇത് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാനും കാരയ്ക്കലിനും മഹാബലിപുരത്തിനുമിടയിൽ ശനിയാഴ്ച (നാളെ )രാവിലെ കടന്നുപോകാനും സാധ്യതയുണ്ട്. ഇതുകാരണം അടുത്ത 2-3 ദിവസങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്, വ്യാപകമായ മഴ തമിഴ്‌നാടിൻ്റെ ഭൂരിഭാഗം ഭാഗങ്ങളിലുമുണ്ടാകും “ കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫെങ്കൽ ചുഴലിക്കാറ്റിൻ്റെ ആഘാതത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രഭരണ പ്രദേശത്തെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും പുതുച്ചേരി, കാരക്കൽ മേഖലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ആഭ്യന്തര മന്ത്രി എ നമശ്ശിവായം മാധ്യമങ്ങളോട് പറഞ്ഞു. സ്വകാര്യ മാനേജ്‌മെൻ്റ് സ്‌കൂളുകളും സർക്കാർ-എയ്ഡഡ് സ്‌കൂളുകളും അടച്ചിടും.
തമിഴ്നാട്ടിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ അടക്കമുള്ള വടക്കൻ തമിഴ്നാട് , പുതുച്ചേരി , തിരുപ്പതി അടക്കം തെക്കൻ ആന്ധ്ര എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ചിരുന്നു. നാളെയും അവധിയായിരിക്കും ഇന്നലെ വൈകീട്ട് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും പിന്നീട് വീണ്ടും കരുത്താർജ്ജിക്കുകയായിരുന്നു. ഡെൽറ്റ ജില്ലകളിൽ 13,000 ഹെക്ടർ നെൽകൃഷി നശിച്ചതായി സംസ്ഥാന കൃഷി മന്ത്രി പനീർ സെൽവം അറിയിച്ചു.
അനാവശ്യമായി ആരുംപുറത്തിറങ്ങരുതെന്നും ഐടി ജീവനക്കാരോട് നാളെ വീട്ടിലിരുന്ന് ജോലിചെയ്യാനും
പാർക്കിലും ബീച്ചിലും പോകരുതെന്നും തമിഴ്‌നാട് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഇന്ത്യൻ നാവികസേന സമഗ്രമായ ദുരന്ത പ്രതിരോധ പദ്ധതിക്കു രൂപം കൊടുത്തിട്ടുണ്ട് . മത്സ്യത്തൊഴിലാളികൾ ഞായറാഴ്ചവരെ കടലിൽ പോകരുതെന്നും നാവിക അധികൃതർ അറിയിച്ചു.