മാനേജര്‍ക്ക് സംശയം, സൈബര്‍ തട്ടിപ്പില്‍ നിന്ന് ദമ്പതികള്‍ രക്ഷപ്പെട്ടു

0
CYBER CRIME

കോട്ടയം: വൃദ്ധദമ്പതികളെ ഡിജിറ്റല്‍ അറസ്റ്റിലാണെന്നു വിശ്വസിപ്പിച്ച് പണം തട്ടാന്‍ ശ്രമം. പൊലീസ് ഓഫീസറുടെ വേഷത്തില്‍ വാട്ട്‌സ് ആപ്പില്‍ വിഡിയോ കോളില്‍ വന്നായിരുന്നു തട്ടിപ്പ്. ചങ്ങനാശ്ശേരി സ്വദേശികളായ ദമ്പതികള്‍ ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ എത്തിയതോടെ സംശയം തോന്നിയ ബാങ്ക് അധികൃതര്‍ ഇടപെട്ട് രക്ഷപ്പെടുത്തുകയായിരുന്നു.

ദമ്പതികളുടെ അക്കൗണ്ടിലൂടെ പരിധിയില്‍ കവിഞ്ഞ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നു വിശ്വസിപ്പിക്കുകയും ഇത് രാജ്യവിരുദ്ധ ഇടപാടുകള്‍ക്കായി ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. 50 ലക്ഷം രൂപ നല്‍കിയാല്‍ അറസ്റ്റില്‍നിന്ന് ഒഴിവാക്കാമെന്ന് പറഞ്ഞായിരുന്നു ദമ്പതികളെ വലയില്‍ വീഴ്ത്തിയത്.

ചങ്ങനാശ്ശേരി ഫെഡറല്‍ ബാങ്ക് ശാഖയിലെത്തിയ ദമ്പതികള്‍ ഫിക്‌സഡ് ഡിപ്പോസിറ്റ് ഇട്ടിരുന്ന 50 ലക്ഷം രൂപ പിന്‍വലിക്കാന്‍ മാനേജരെ സമീപിച്ചു. മറ്റൊരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് പണം അയക്കാനായിരുന്നു തട്ടിപ്പുകാരുടെ നിര്‍ദേശം. സംശയം തോന്നിയ ബാങ്ക് മാനേജര്‍ ശ്രീവിദ്യ തട്ടിപ്പുകാരുടെ അക്കൗണ്ടുള്ള ബാങ്കുമായി ബന്ധപ്പെട്ടു. ഇതു തട്ടിപ്പ് അക്കൗണ്ട് ആണെന്നു മനസിലാക്കി ഇടപാട് നടത്താതെ ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു. എന്നാല്‍ ഇന്നു വീണ്ടും ദമ്പതികള്‍ ബാങ്കിലെത്തി 50 ലക്ഷം രൂപ ട്രാന്‍സാക്ഷന്‍ ചെയ്യുന്നതിന് ബാങ്ക് മാനേജരെ നിര്‍ബന്ധിച്ചു. തട്ടിപ്പു മണത്ത ബാങ്ക് അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ബാങ്കിലെത്തി ദമ്പതികളെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി തട്ടിപ്പില്‍ നിന്നും രക്ഷിക്കുകയായിരുന്നു. പൊലീസ് ഇടപെട്ടുവെന്നു ബോധ്യപ്പെട്ടതോടെ തട്ടിപ്പുകാര്‍ കോള്‍ കട്ടാക്കി മുങ്ങുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *