ആഗോള നിക്ഷേപ സംഗമത്തിന് തിരശ്ശീല വീണു: കേരളത്തിലെത്തിയത് 1,52,905 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം

എറണാകുളം :വ്യവസായ സൗഹൃദ സംസ്ഥാനം എന്ന നിലയ്ക്ക് കേരളത്തിന്റെ സാധ്യതകളെ ലോകം തിരിച്ചറിഞ്ഞ ആഗോള നിക്ഷേപ സംഗമത്തിന് ഇന്ന് തിരശ്ശീല വീണു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നിക്ഷേപകരും വ്യവസായ പ്രമുഖരും മലയാളി സംരംഭകരും സംസ്ഥാന സർക്കാരും ഒത്തുചേർന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് പ്രതീക്ഷകൾക്കുമപ്പുറമുള്ള വിജയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കുള്ളിൽ 370 ൽ അധികം താൽപര്യപത്രങ്ങളിലൂടെ കേരളത്തിൽ എത്തിയത് 1,52,905 കോടി രൂപയുടെ നിക്ഷേപവാഗ്ദാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച അതിഥികളെല്ലാം നാടിന്റെ വളർച്ചയ്ക്കായി പിന്തുണ പ്രഖ്യാപിക്കുകയും അവരുടെ വിലയേറിയ ആശയ നിർദ്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു. കേരളത്തിന്റെ വികസന യാത്രയിൽ തങ്ങൾ ഒപ്പമുണ്ടെന്നുള്ള പ്രഖ്യാപനമാണ് ഓരോരുത്തരും നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു .
കേരളത്തിന്റെ ഐടി മേഖലയുടെ വളർച്ചയ്ക്കാവശ്യമായ പുതിയ ആശയങ്ങളും അടിയുറച്ച പിന്തുണയുമാണ് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട ഐടി റൗണ്ട് ടേബിളിൽ നിന്നും ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോള ഐടി വ്യവസായത്തിന്റെ നേതൃനിരയിലുള്ള നിരവധി പ്രഗ്ദ്ഭരുമായി സംവദിക്കാൻ ഈ പരിപാടിയിലൂടെ സാധിച്ചെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ , ഐടി മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ ആവശ്യമായ എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് ഉറപ്പു നൽകി. നമ്മുടെ ഐടി വ്യവസായത്തെ നൂതനമാക്കാനും വിപുലപ്പെടുത്താനും ആവശ്യമായ സഹകരണങ്ങൾക്ക് ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് വഴിയൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
“കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ജനകീയവും സർവ്വതലസ്പർശിയും ആയ വികസനം ഉറപ്പുവരുത്തുന്നതിനും സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പുതിയ ഊർജ്ജവും ദിശാബോധവും പകരാൻ ഈ സമ്മിറ്റിനു സാധിച്ചു. കൂടുതൽ മികവോടെ, നിശ്ചയദാർഢ്യത്തോടെ നാടിന്റെ ശോഭനമായ ഭാവിക്കായി നമുക്ക് പ്രയത്നിക്കാം “– മുഖ്യമന്ത്രി സാമൂഹ്യമാധ്യമത്തിൽ കുറിച്ചു .