ബംഗ്ലദേശിൽ കർഫ്യൂ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത് 105 പേർ

0

ധാക്ക : ബംഗ്ലദേശിൽ നടക്കുന്ന പ്രക്ഷോഭത്തിൽ 105 പേർ മരിച്ചതോടെ രാജ്യത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രക്ഷോഭം നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിച്ചതായും പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഓഫിസ് അറിയിച്ചു. പ്രതിഷേധം നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടതോടെയാണ് സൈന്യം ക്രമസമാധാന ചുമതല ഏറ്റെടുത്തത്. സുരക്ഷാ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ എറ്റുമുട്ടലിൽ ഇതുവരെ 2500 ലധികം പേർക്കാണ് പരുക്കേറ്റത്. തലസ്ഥാന നഗരമായ ധാക്കയിൽ മാത്രം 52 പേർ മരിച്ചതായാണ് റിപ്പോർട്ട്. 1971ലെ ബംഗ്ലദേശ് വിമോചനസമരത്തിൽ രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്കു സർക്കാർ ജോലിയിൽ 30% സംവരണം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെത്തുടർന്നാണു പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവും കൂടി പ്രക്ഷോഭത്തിന്റെ വിഷയമായി മാറിയിട്ടുണ്ട്.

പ്രതിപക്ഷ കക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുണ്ട്. അതേസമയം ബംഗ്ലദേശിൽ സർവകലാശാലകൾ അടയ്ക്കുകയും ഹോസ്റ്റലുകളിൽ നിന്നും വിദ്യാർഥികളെ ഒഴിപ്പിക്കുകയും ചെയ്തതോടെ നിരവധി ഇന്ത്യൻ വിദ്യാർഥികൾ നാട്ടിലേക്ക് മടങ്ങാൻ തുടങ്ങി. ഇതുവരെ 300ലധികം ഇന്ത്യൻ വിദ്യാർഥികൾ ഇന്ത്യയിലേക്ക് മടങ്ങിക്കഴിഞ്ഞു. ഉത്തർപ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ വിദ്യാർഥികളാണ് തിരികെയെത്തിയത്. ത്രിപുര, മേഘാലയ അതിർത്തികൾ വഴിയാണ് ഇവർ ഇന്ത്യയിലേക്ക് മടങ്ങിയത്. ബംഗ്ലദേശിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണെന്ന് ഇന്ത്യ പ്രതികരിച്ചു. . 15,000ഓളം ഇന്ത്യക്കാരാണ് ബംഗ്ലദേശിൽ താമസിക്കുന്നത്. ഇതിൽ 8500 പേരും വിദ്യാർഥികളാണ്. ഇന്റർനെറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും ബംഗ്ലദേശിൽ നിയന്ത്രണമുണ്ട്.

ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ഇന്ത്യയിലൂടെയാണ് തിരിച്ചുവരുന്നത്. പ്രക്ഷോഭത്തിനിടെ വിദ്യാർഥികൾ കഴിഞ്ഞ ദിവസം ജയിൽ തകർത്ത് തടവുകാരെ മോചിപ്പിച്ചിരുന്നു. നർസിങ്കടി ജില്ലയിലെ സെൻട്രൽ ജയിലിൽനിന്നാണ് നൂറുകണക്കിനു തടവുകാരെ പ്രക്ഷോഭകാരികൾ മോചിപ്പിച്ചത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വയ്ക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *