മഹാ കുംഭമേളയില്‍ ‘അമൃത സ്‌നാനം’നടത്തിയത് കോടികൾ
പ്രയാഗരാജ് : ലോകത്തിലെ ഏറ്റവും വലിയ തീർഥാടക സംഗമമായ മഹാ കുംഭമേളയിൽ സവിശേഷ ദിനമായ ഇന്ന് ‘അമൃത സ്‌നാനം’ ആരംഭിച്ചു.തണുപ്പും ഇടതൂർന്ന മൂടൽമഞ്ഞും നിറഞ്ഞുനിൽക്കുന്ന പുണ്യ നദീ സംഗമ ഭൂമിയിൽ ലക്ഷക്കണക്കിന് ഭക്തർ ചൊവ്വാഴ്ച മകരസംക്രാന്തി ഉത്സവത്തോടനുബന്ധിച്ച് പുണ്യസ്നാനം നടത്താൻ പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിലേക്ക് ഒഴുകിയെത്തി. ചൊവ്വാഴ്ച ത്രിവേണി സംഗമത്തിൽ ഒരു കോടിയിലധികം ഭക്തർ പുണ്യസ്നാനം നടത്തിയതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. മകര സംക്രാന്തി ദിനത്തിലെ അമൃത സ്‌നാനത്തിന് അഘോരികളാണ് തുടക്കം കുറിച്ചത്. ശ്രീ പഞ്ചായത്തി അഖാര മഹാനിർവാണിയും ശ്രീ ശംഭു പഞ്ചായത്തി അടൽ അഘോരി യുമാണ് മകരസംക്രാന്തി ദിനത്തിൽ ആദ്യമായി അമൃത സ്‌നാൻ നടത്തിയത്.45 ദിവസം നീളുന്ന തീർഥാടനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണിത്. ഇന്ന് 3 കോടിയിൽപ്പരം ഭക്തർ പുണ്യ സ്‌നാനത്തിനായി പ്രയാഗ് രാജിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് ആത്മീയ നേതാവ് സ്വാമി കൈലാസാനന്ദ ഗിരിയാണ് അമൃത് സ്‌നാനത്തിനായി നിരഞ്ജനി അഖാരയുടെ ഘോഷയാത്രകൾക്ക് നേതൃത്വം നൽകിയത്.
2025-ലെ മഹാകുംഭമേളയുടെ ആദ്യദിനം “ഐക്യവും വസുധൈവ കുടുംബവും” (ലോകം ഒരു കുടുംബമാണ്)എന്ന സന്ദേശമാണ് നൽകിയതെന്ന് സംസ്ഥാന ഇൻഫർമേഷൻ വകുപ്പ് അറിയിച്ചു.
ജനക്കൂട്ടവും ട്രാഫിക് നിയന്ത്രണവും, വെള്ളത്തിനടിയിലുള്ള നിരീക്ഷണം, അഗ്നിശമന പ്രവർത്തനങ്ങൾ എന്നിവയ്ക്കായി എല്ലാ ആധുനിക സാങ്കേതികവിദ്യകളും AI സാങ്കേതിക ഉപകരണങ്ങളും ഉപയോഗിക്കാൻ നിർദ്ദേശം നൽകിയതായി ഉത്തർപ്രദേശ് ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു. “എല്ലാം നിയന്ത്രണത്തിലാണ്,” അദ്ദേഹം അറിയിച്ചു .
മഹാ കുംഭവുമായി ബന്ധപ്പെട്ട വളരെ സവിശേഷമായ ഒരു മതാചരമാണ് അമൃത സ്‌നാൻ. ഈ വേളയിൽ മുങ്ങിക്കുളിക്കുന്നത് വഴി ഭക്തരുടെ പാപങ്ങളെ ശുദ്ധീകരിക്കുകയും കൂടുതല്‍ പുണ്യം ലഭിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. നിരവധി ആത്മീയ നേട്ടങ്ങള്‍ ഉണ്ടാകുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.
മഹാകുംഭ സമയത്ത് അമൃത് സ്‌നാനത്തിനായി ബ്രാഹ്മ മുഹൂർത്തത്തിൽ രാവിലെ 5:25 മുതൽ 6:18 വരെ കുളിക്കുന്നത് ശുഭകരമാണെന്നും, വിജയ് മുഹൂർത്തത്തിൽ ഉച്ചയ്ക്ക് 2:22 മുതൽ 3:05 വരെയാണ് കുളിക്കാനുള്ള മറ്റൊരു ശുഭ സമയമെന്നുമാണ് വിശ്വാസം.