‘കോടിക്കണക്കിനു ഭക്തരുടെ വിശ്വാസപ്രശ്നം’: ലഡു വിവാദത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി ∙ തിരുപ്പതി ക്ഷേത്രത്തിലെ ലഡു വിവാദത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നു സുപ്രീംകോടതി. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു. 2 സിബിഐ ഉദ്യോഗസ്ഥര്‍, ആന്ധ്രപ്രദേശ് പൊലീസിലെ 2 ഉദ്യോഗസ്ഥര്‍, ഭക്ഷ്യസുരക്ഷ അതോറിറ്റിയിലെ മുതിർന്ന ഉദ്യോഗസ്ഥന്‍ എന്നിവരാണു പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്. അന്വേഷണത്തിനു സിബിഐ ഡയറക്ടർ നേതൃത്വം നൽകും.
ലോകത്താകെയുള്ള കോടിക്കണക്കിനു ഭക്തരുടെ വിശ്വാസം സംബന്ധിച്ച പ്രശ്‌നമായതിനാല്‍ വിഷയത്തില്‍ രാഷ്ട്രീയനാടകം ആവശ്യമില്ലെന്നു സുപ്രീംകോടതി പറഞ്ഞു. ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്താൻ ശേഷിയുള്ളതാണു വിവാദമെന്നും കോടതിയെ ആരോപണ പ്രത്യാരോപണങ്ങളുടെ രാഷ്ട്രീയവേദിയാക്കാൻ അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, കെ.വി.വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണു വിഷയം പരിഗണിച്ചത്.
സുപ്രീംകോടതി ഇടപെട്ടതോടെ, ആന്ധ്രപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേകസംഘത്തിന്റെ അന്വേഷണം താൽക്കാലികമായി നിർത്തിയിരുന്നു. ലഡു വിവാദത്തിൽ സംസ്ഥാന സർക്കാരിനെതിരെ സുപ്രീംകോടതി കഴിഞ്ഞദിവസം രൂക്ഷവിമർശനമാണു നടത്തിയത്. സെപ്റ്റംബർ 25നാണ് പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ലഡു നിർമാണത്തിന് ഉപയോഗിച്ച നെയ്യ് വിതരണം ചെയ്ത ഡിണ്ടിഗൽ എആർ ഡെയറി ഫുഡ്സ് എന്ന കമ്പനിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ലഡു തയാറാക്കാൻ മൃഗക്കൊഴുപ്പും നിലവാരം കുറഞ്ഞ ചേരുവകളും ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണു നടപടി