പാർട്ടി തീരുമാനത്തിനെതിരെ വിമർശനം : എ പത്മകുമാറിനെതിരെ നടപടിക്ക് സാധ്യത

0

കൊല്ലം : സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കിയ പത്തനംതിട്ടയില്‍ നിന്നുള്ള സിപിഐഎംൻ്റെ മുതിര്‍ന്ന നേതാവ് എ പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യത.
കൊല്ലത്തുനടന്ന പാർട്ടി സമ്മേളനത്തിന് ശേഷം, സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധമറിയിച്ച് അദ്ദേഹം സ്വന്തം ഫേസ്ബുക് പേജിൽ ‘ചതിവ്, വഞ്ചന, അവഹേളനം, 52 വര്‍ഷത്തെ ബാക്കിപത്രം ലാല്‍ സലാം’ സ്വന്തം ഫോട്ടോയോടൊപ്പം ചേർത്ത് പോസ്റ്റിയിരുന്നു.
പിന്നീടദ്ദേഹം മാധ്യമങ്ങളോടും ഇതേവിഷയം സംസാരിച്ചിരുന്നു.എന്നാല്‍ വിവാദമായതോടെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ഉച്ചവരെ സിപിഐഎം സംസ്ഥാന സമ്മേളന വേദിയില്‍ സജീവമായിരുന്ന പി പത്മകുമാര്‍ സംസ്ഥാന സമിതി അംഗങ്ങളുടെ പട്ടിക വന്നതോടെയാണ് കൊല്ലം വിട്ട് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ കടുത്ത വിയോജിപ്പാണ് പത്മകുമാറിനുള്ളത്.ഫേസ്ബുക്ക് പോസ്റ്റും മാധ്യമങ്ങളോടുള്ള പ്രതികരണവും ഗുരുതര അച്ചടക്കലംഘനമെന്ന് വിലയിരുത്തല്‍. മറ്റന്നാള്‍ ചേരുന്ന പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ വിഷയം ചര്‍ച്ചയാകും.

എന്നാൽ ,സംസ്ഥാന കമ്മറ്റി പാനല്‍ അവതരിപ്പിച്ചുകഴിഞ്ഞപ്പോള്‍ വ്യക്തിപരമായി മനുഷ്യസഹജമായ മാനസികാവസ്ഥ വച്ചാണ് താന്‍ പ്രതികരിച്ചതെന്ന് പത്മകുമാർ മാധ്യമങ്ങളോട് പറഞ്ഞു. അത് സിപിഐഎമ്മിനെ സംബന്ധിച്ച് സംഘടനാപരമായി അംഗീകരിക്കുന്നതല്ലെന്ന് തനിക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഒരാളെ ഏതെങ്കിലും ഉപരി കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കുമ്പോള്‍ രാഷ്ട്രീയവും സംഘടനാപരമായ പ്രവര്‍ത്തനങ്ങളായിരിക്കണം മാനദണ്ഡമെന്നാണ് സിപിഎമ്മിനെ സംബന്ധിച്ചുള്ള നിലപാട്. പക്ഷേ, കമ്മറ്റികളില്‍ പങ്കെടുക്കാത്ത, ഏതെങ്കിലും വര്‍ഗ ബഹുജനസംഘടനകളില്‍ പ്രവര്‍ത്തിക്കാത്ത, ദൈനംദിന സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാത്ത ഒരാളെ പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കുന്നു എന്നത് കൊണ്ട് മാത്രം ക്ഷണിക്കാന്‍ തീരുമാനിക്കുകയാണ്. അതില്‍ ഒരുപാട് പേര്‍ക്ക് പ്രയാസമുണ്ടാകും. ഞാന്‍ തുറന്ന് പറഞ്ഞു എന്നുമാത്രം. വീണാ ജോര്‍ജിന്റെ കഴിവിനെയൊന്നും ഞാന്‍ ചോദ്യം ചെയ്യുന്നില്ല. കാരണം, എന്റെ 52 വര്‍ഷക്കാലത്തേ പ്രവര്‍ത്തന പാരമ്പര്യത്തേക്കാള്‍ വലുതാണ് അവരുടെ 9 വര്‍ഷക്കാലത്തെ പ്രവര്‍ത്തനം എന്നുള്ളതോ അവരുടെ കഴിവിനെയോ ഒന്നും ഞാന്‍ കുറച്ചു കാണുന്നില്ല. പക്ഷേ, ഞങ്ങളെപ്പോലുള്ള ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച്, പാര്‍ട്ടി ബ്രാഞ്ച് കൂടി, ലോക്കല്‍ കമ്മറ്റി കൂടി, പത്രവും ചേര്‍ത്ത് നടക്കുന്ന പാവങ്ങള്‍ ഇതിനകത്തുണ്ട് എന്നുള്ള ബോധ്യം ഉപരി കമ്മറ്റിക്ക് ഉണ്ടാകണം എന്നേ ഞാന്‍ പറഞ്ഞുള്ളു- അദ്ദേഹം വ്യക്തമാക്കി.സിപിഎമ്മിനെ സംബന്ധിച്ച് 75 വയസിലാണ് റിട്ടയര്‍മെന്റെന്നും താന്‍ 66ാം വയസില്‍ റിട്ടറയര്‍ ചെയ്‌തെന്ന് കരുതുകയാണെന്നും അദ്ദേഹം പറഞ്ഞു.
“നാളെ ജില്ലാ കമ്മറ്റിയുണ്ട്. പാര്‍ട്ടി അനുവദിക്കുകയാണെങ്കില്‍ ഇവിടുത്തെ ബ്രാഞ്ചില്‍ തന്നെ നില്‍ക്കണം എന്നാണ് ആഗ്രഹം. രാഷ്ട്രീയമായിട്ടുള്ള വ്യത്യസ്ത അഭിപ്രായം ഒന്നുമല്ലല്ലോ? തര്‍ക്കമുള്ളത് സംഘടനാപരമായി ഈ സമ്മേളനത്തില്‍ എടുത്ത നിലപാടുമായി ബന്ധപ്പെട്ടാണ്. അത് തുറന്നു പറഞ്ഞിട്ടുണ്ട്. അതിന്റെ പേരില്‍ എന്ത് നടപടി സ്വീകരിച്ചാലും അംഗീകരിക്കാന്‍ തയാറാണ്. പക്ഷേ, പാര്‍ട്ടി എന്നത് കളഞ്ഞിട്ടുള്ള ഒരു ഏര്‍പ്പാടിനും ഞാനില്ല.” പത്മകുമാർ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *