അര്‍ജുനടക്കം മൂന്ന് പേർക്കായുള്ള തെരച്ചിലിൽ പ്രതിസന്ധി

0

ബെംഗളൂരു : ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്ന് പേർക്കായുള്ള തെരച്ചിലിൽ പ്രതിസന്ധി. പത്തിലേറെ തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നേവി സംഘവും പുഴയിൽ ഇറങ്ങി പരിശോധന നടത്തുന്നുണ്ട്. അടിത്തട്ടിലെ മണ്ണ് തെരച്ചിലിൽ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. തെരച്ചിലിൽ ഇതുവരെ ശുഭ സൂചനങ്ങൾ ഒന്നുമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഉച്ചതിരിഞ്ഞും തെരച്ചിൽ തുടരും. നാളെ തെരച്ചിൽ ഉണ്ടാവില്ല. തെരച്ചിൽ മറ്റന്നാള്‍ പുനരാരംഭിക്കും.

പുഴയുടെ അടിത്തട്ടിൽ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും പുഴയിൽ മുങ്ങിയുള്ള തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുവെന്ന് കാർവാർ എംഎൽഎ സതീഷ് സൈൽ പറഞ്ഞു. അഞ്ച് മണിക്കൂര്‍ നീണ്ട തെരച്ചില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാറയും മണ്ണും തടസമെന്ന് ഈശ്വര്‍ മാല്‍പേ പ്രതികരിച്ചു. അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ മുങ്ങൽ വിദഗ്ധർക്ക് പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്താനാകില്ലെന്നും ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിക്കാൻ ശ്രമം തുടങ്ങിയെന്നും എംഎൽഎമാർ പറഞ്ഞു. പുഴയിലെ മണ്ണ് നീക്കാതെയുള്ള തെരച്ചിൽ പ്രായോഗികമല്ലെന്നും മണ്ണും മരങ്ങളും നീക്കാതെ മുന്നോട്ട് പോകാനാകില്ലെന്നും മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഡ്രഡ്ജർ എത്തിച്ച് മണ്ണ് നീക്കാതെ ഷിരൂരിലെ തെരച്ചിൽ മുന്നോട്ട് പോകില്ലെന്നാണ് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറയുന്നത്. കേരളത്തോട് വീണ്ടും ഡ്രഡ്ജർ ആവശ്യപ്പെട്ടെന്നും ഓപ്പറേറ്റർ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും എംഎൽഎ പറഞ്ഞു. ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാനുള്ള ശ്രമം തുടങ്ങിയതായും കാർവാർ എംഎൽഎ വ്യക്തമാക്കി. ഈശ്വർ മൽപേയെ പുഴയിൽ ഇറങ്ങുന്നതിൽ നിന്ന് ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, തൃശ്ശൂരില്‍ നിന്നുള്ള ഡ്രഡ്ജര്‍ ഷിരൂര്‍ ദൗത്യത്തിന് ഉപയോഗിക്കാന്‍ സാങ്കേതിക തടസങ്ങള്‍ ഉണ്ടായിരുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതികരിച്ചു. പരമാവധി 18 അടി ആഴത്തില്‍ മാത്രമേ ഡ്രഡ്ജര് പ്രവര്‍ത്തിക്കൂ. ഗംഗാവലിയുടെ ആഴം 25 മുതല്‍ 30 അടി വരെയാണ്. ഇക്കാര്യം ഉത്തരകന്നട ജില്ലാ കളകടറെ രേഖാമൂലം അറിയിച്ചിരുന്നു. സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചുള്ള തിരിച്ചില്‍ വേണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അർജുന് വേണ്ടിയുള്ള തെരച്ചിലിൽ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ഇടപെടലുകളെ മന്ത്രി അഭിനന്ദിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *