“മെലിഞ്ഞവരെ തിരഞ്ഞെടുക്കാൻ ക്രിക്കറ്റ് സൗന്ദര്യ മത്സരമല്ല. “-സുനിൽ ഗവാസ്‌ക്കർ

0

മുംബൈ: ” ഞാൻ മുമ്പെ പറഞ്ഞിട്ടുണ്ട്, മെലിഞ്ഞവരെ തിരഞ്ഞെടുക്കാൻ ക്രിക്കറ്റ് സൗന്ദര്യ മത്സരമല്ല. എത്രത്തോളം മികച്ച രീതിയിൽ കളിക്കാൻ കഴിയുമെന്നത് അടിസ്ഥാനമാക്കിയാണ് ക്രിക്കറ്റ് താരങ്ങളെ തിരഞ്ഞെടുക്കുന്നത്. സർഫറാസ് ഖാന്റെ കാര്യത്തിൽ ഇക്കാര്യം മുമ്പ് ചർച്ച ചെയ്തതാണ്. അമിതഭാരമെന്ന് പറഞ്ഞ് സർഫറാസ് ഒരുപാട് കാലം ഇന്ത്യൻ ക്രിക്കറ്റിന് പുറത്തായിരുന്നു. എന്നാൽ ഒരു മത്സരത്തിൽ 150ലധികം റൺസ് നേടിയപ്പോഴും പിന്നീട് അർധ സെഞ്ച്വറികൾ അടിച്ചപ്പോഴും സർഫറാസിനെ ആരും വിമർശിച്ചില്ല. ബാറ്റുകൊണ്ട് മികച്ച പ്രകടനം നടത്തുകയാണ് ക്രിക്കറ്റിൽ പ്രധാനകാര്യം.”– ​ഗവാസ്കർ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മ കായിക താരത്തിന് ചേരാത്ത വിധത്തിൽ അമിത ഭാരമുള്ളവനാണെന്നും ഇന്ത്യ കണ്ട എക്കാലത്തെയും മോശം ക്യാപ്റ്റന്മാരിൽ ഒരാളാണെന്നുമുള്ള കോൺഗ്രസ്സ് നേതാവും മലയാളിയുമായ ഡോ. ഷമ മുഹമ്മദിന്റെ വിമർശനം വിവാദമായ പശ്ചാത്തലത്തിലാണ് സുനിൽ ഗവാസ്‌ക്കറിൻ്റെ പ്രതികരണം.

മുൻകാലത്തെ ഇന്ത്യൻ താരങ്ങളായ സൗരവ് ​ഗാം​ഗുലി, സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, കപിൽ ദേവ് തുടങ്ങിയവരുമായി താരതമ്യപ്പെടുത്തുമ്പോൾ രോഹിത് ശർമയുടെ ലോകോത്തര നിലവാരം എന്താണെന്നും ക്ഷമ സാമൂഹ്യമാധ്യമത്തിലൂടെ ചോദിച്ചിരുന്നു.

ട്വീറ്റുകൾ വിവാദമായതോടെ ഷമയുടെ പ്രസ്താവനയെ തള്ളി കോൺഗ്രസ് രം​ഗത്തെത്തി. ഷമ പറഞ്ഞത് പാർട്ടിയുടെ അഭിപ്രായമല്ലെന്ന് കോൺ​ഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. ഇത്തരം പ്രസ്താവനകളെ കോൺഗ്രസ് ഒരിക്കലും അംഗീകരിക്കില്ല. പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടുവെന്നും പവൻ ഖേര വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് വിവാദമായ ട്വീറ്റുകൾ ഷമ മുഹമ്മദ് ഡിലീറ്റ് ചെയ്തത് .

Spread the love

Leave a Reply

Your email address will not be published. Required fields are marked *