കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്‍റെ ആവശ്യം തള്ളി കേന്ദ്രം
ന്യൂഡൽഹി: കടമെടുക്കൽ പരിധി ഉയർത്തുന്നതു സംബന്ധിച്ച് കേന്ദ്രവുമായി നടത്തിയ ചർച്ച പരാജയം. 19,370 കോടി രൂപ കൂടി കടമെടുക്കുന്നതിനായാണ് സംസ്ഥാനം അനുമതി തേടിയത്. എന്നാൽ ഇത് കേന്ദ്രം തള്ളിയതായി ചീഫ് സെക്രട്ടറി ഡോ. വി വേണു അറിയിച്ചു. സുപ്രീം കോടതി നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ധനകാര്യമന്ത്രാലയ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറി, അഡീഷണല്‍ സോളിസെറ്റര്‍ ജനറല്‍ എന്നിവരുമായി സംസ്ഥാന ചീഫ് സെക്രട്ടറി ധനകാര്യ സെക്രട്ടറി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ ചര്‍ച്ച നടത്തിയത്.
13,608 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അവകാശമുണ്ടെന്ന് കേന്ദ്രം സുപ്രീംകോടിയെ അറിയിച്ചിരുന്നു. ഇത് അനുവദിക്കാൻ സുപ്രീംകോടതി കേന്ദ്രത്തോട് നിർദേശിക്കുകയും ചെയ്തിരുന്നു. ബാക്കി തുക സംബന്ധിച്ച് കേരളവും കേന്ദ്രവുമായി ചർച്ച നടത്താനും കോടതി നിർദേശിച്ചിരുന്നു. തിങ്കളാഴ്ച കേസ് വീണ്ടും കോടതി പരിഗണിക്കുമ്പോൾ ചർച്ചയിലെ തീരുമാനം സംസ്ഥാനം കോടതി അറിയിക്കും.