“സർഗ്ഗാത്മകതയും സാഹിത്യവും കല്ലുവെച്ച നുണ ” : സുഭാഷ് ചന്ദ്രൻ

0
tk muraleedharan

മുംബൈ :സർഗ്ഗാത്മകതയും സാഹിത്യവും കല്ലുവെച്ച നുണയാണ്, ആ കല്ല് രത്ന കല്ലാണെന്നും സർഗ്ഗാത്മകതയുടെ രത്നക്കല്ലു പതിപ്പിച്ചുകൊണ്ടാണ് ഈ നുണ സൃഷ്ട്ടിക്കുന്നതെന്നും പ്രമുഖ സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ .പ്രതിഭാശാലിത്വത്തിൻ്റെ വജ്രംപതിപ്പിച്ച ഒരു മോതിരമാണ് നമ്മൾ ഈ രത്നകല്ലുവെച്ച സാഹിത്യത്തിൽ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ സാഹിത്യവേദിയുടെ ഇരുപത്തിഏഴാമത് വിടി.ഗോപാലകൃഷ്ണൻ സ്‌മാരക പുരസ്ക്കാരം കവിയും ചിത്രകാരനുമായ ടികെ മുരളീധരന് സമ്മാനിച്ചതിനുശേഷം ‘സാഹിത്യത്തിൻ്റെ സത്യവാങ്മൂലം ‘ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു  മുഖ്യാതിഥി  സുഭാഷ് ചന്ദ്രൻ.

e990b45c df41 417f 8019 6a75aa3f53f1

മറ്റേതൊരു തൊഴിൽ ചെയ്യുന്നവനും ലഭിക്കാത്ത അധികബഹുമതി നുണസൃഷ്ട്ടിക്കുന്ന എഴുത്തുകാരന് ലഭിക്കുന്നുണ്ട് .ആ നുണയെങ്ങനെയാണ് കാലാതീതമായ സത്യത്തിന്റെ അധികവിതാനത്തിലേക്ക് അയാളെ എത്തിക്കുന്നതെന്നു പരിശോധിക്കണം.ഒരു വഞ്ചിയോ ചുണ്ടൻവള്ളമോ നിർമ്മിക്കുന്ന പ്രതിഭാശാലിയുടെ കുശലതയോ നിർമ്മാണ ചാതുരിയോ ശ്രദ്ധയോ സമർപ്പണമോ ഒരു കഥയോ കവിതയോ ലേഖനമോ നാടകമോ എഴുതാൻ ആവശ്യമില്ല .പക്ഷെ ലോകത്തെവിടെയും അത്തരം സൃഷ്ടിചെയ്യുന്നവർ ബഹുമാനിക്കപ്പെടുന്നില്ല .എന്നാൽ ഒന്നോരണ്ടോ കവിതയെഴുതുന്നൊരാളുടെ സർഗ്ഗാത്മകതയുടെ അതിഗംഭീര നിമിഷങ്ങളെ നമ്മൾ വേദികളിൽ പൊലിപ്പിച്ചു പറയുന്നു .ഭാഷയറിയാത്തവന് അത് പുലഭ്യമായി തോന്നിയേക്കാം . എഴുത്തച്ഛന് ലഭിക്കുന്ന അധിക ബഹുമതി പെരുന്തച്ഛന് ലഭിക്കുന്നില്ല.അതിനു കാരണം എഴുത്ത് അക്ഷരത്തിൻ്റെ കല ആയതുകൊണ്ടാണ് ഒരു ചിത്രമോ ,ശിൽപ്പമോ സംഗീതത്തിന് അനുധാവനം ചെയ്യുന്ന വാദ്യഉപകരണങ്ങളോ നശിച്ചേക്കാം എന്നാൽ അക്ഷരം ‘ക്ഷര’മില്ലാത്തതാണ് ,കാലാതീതമാണ് .ചിരന്തനമായ ആ ബോധ്യത്തിൽ നിന്നാണ് എഴുത്തുകാരന് ഈ അധിക പദവി ലഭിക്കുന്നത് . സാഹിത്യത്തിലൂടെ നുണസൃഷ്ട്ടിക്കുന്നവർ ബഹുമാനിക്കപ്പെടുന്നത് അതുകൊണ്ടാണ് .ഈ സമഗ്രതയെപ്പറ്റിയുള്ള ബോധ്യത്തോടെ ആയിരിക്കണം നാളെ ഒരു കഥയോ കവിതയോ എഴുതേണ്ടതെന്നും സുഭാഷ് ചന്ദ്രൻ ഓർമ്മിപ്പിച്ചു. ഒരു വഞ്ചിയോ ചുണ്ടൻവള്ളമോ നിർമ്മിക്കുന്നയാളുടെ ശ്രദ്ധയോ സമർപ്പണമോ നിർമ്മാണചാതുരിയോ ഒരു കഥയോ നോവലോ എഴുതാൻ തനിക്കുണ്ടായിട്ടില്ലാ എന്നും അദ്ദേഹം പറഞ്ഞു.

വിടി ഗോപാലകൃഷ്ണൻ എഴുതിയ ‘മാംസ നിബദ്ധമല്ല രാഗം’, ‘പ്രസാദം’ തുടങ്ങിയ കൃതികൾ വായിച്ചു താൻ നടുങ്ങി പോയതായും ഇന്നായിരുന്നു ആ പുസ്‌തകം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ ചാനൽചർച്ചകളിൽ നിറഞ്ഞുനിൽക്കുമായിരുന്നുവെന്നും തൻ്റെ വായനാനുഭവം പങ്കുവെച്ചു സുഭാഷ് ചന്ദ്രൻ പറഞ്ഞു.

കഴിഞ്ഞ വർഷം കഥയും കവിതയും ലേഖനവുമായി സാഹിത്യവേദിയിൽ അവതരിപ്പിക്കപ്പെട്ട 11 രചനകളെക്കുറിച്ചുള്ള വിശകലനവും അവാർഡുദാനച്ചടങ്ങിൽ വെച്ച് അദ്ധേഹം നടത്തി.രണ്ടാം സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട കെവിഎസ് നെല്ലുവായിയുടെ ‘ട്രാക്ക് ‘ എന്ന കഥ മികച്ച രചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അവാർഡിന് അർഹമായ ടികെ മുരളീധരൻ്റെ കവിതകളിലെ ദർശന സമഗ്രതയെ അദ്ദേഹം അഭിനന്ദിച്ചു .
ചിത്രകാരൻകൂടിയായ മുരളീധരൻ കാലത്തെയും പ്രകൃതിയേയും ചുറ്റുപാടുകളെയും കുറിച്ചെഴുതിയ 8 കവിതകളിൽ കൃതഹസ്‌തനായ ഒരു ചിത്രകാരൻ്റെ മികവ് പ്രകടമായിരുന്നെന്നും അവാർഡിനായി വേറെയൊരാളെ ചിന്തിക്കേണ്ടിവന്നില്ലാ എന്നും ജൂറി അംഗംകൂടിയായ സുഭാഷ് ചന്ദ്രൻ പറഞ്ഞു.

ചടങ്ങിൽ എഴുത്തുകാരനും നിരൂപകനുമായ പ്രൊഫ.പിഎ വാസുദേവൻ ധ്യക്ഷതവഹിച്ചു.സാഹിത്യവേദി കൺവീനർ കെപി വിനയൻ സ്വാഗതം പറഞ്ഞു. പരിപാടിയിൽ സന്നിഹിതരായവർക്ക് വിടി സ്‌മാരക ട്രസ്റ്റിനുവേണ്ടി വിടി ദാമോദരൻ നന്ദി അറിയിച്ചു.
മാട്ടുംഗ ‘കേരള ഭവന’ത്തിൽ നടന്ന പുരസ്‌ക്കാര സമർപ്പണ ചടങ്ങിൽ മുംബൈയിലെ കലാസാഹിത്യ സംസ്‌കാരിക മേഖലയിലുള്ള നിരവധിപേർ പങ്കെടുത്തു.

f43318f0 06b0 47f3 a617 911c9867e62c

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *