വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി സിപിഎം 24-ാമത് പാർട്ടി കോൺഗ്രസ് (video)

0

മധുര: കേന്ദ്ര സര്‍ക്കാരിന്‍റെ വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി സിപിഎം 24-ാമത് പാർട്ടി കോൺഗ്രസ്. മതേതര, ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ച് നിന്ന് ബില്ലിനെതിരെ പോരാടണമെന്ന് സിപിഎം ആഹ്വാനം ചെയ്‌തു. ” വഖഫ് (ഭേദഗതി) ബിൽ പാർലമെന്‍റ് പാസാക്കുന്നതിനെ സിപിഎം അപലപിക്കുന്നു. ഈ നിയമനിർമ്മാണം ഭരണഘടനയ്ക്കും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കും നേരെയുള്ള ആക്രമണമാണ്,” സിപിഎം പ്രമേയത്തിൽ പറയുന്നു.

സാമുദായിക ധ്രുവീകരണത്തിലേക്ക് നയിക്കുകയും രാജ്യത്തിന്‍റെ മതേതര ഘടനയെ തകർക്കുകയും ചെയ്യുന്ന ഈ നിയമത്തിനെതിരെ പ്രതിഷേധിക്കാൻ രാജ്യത്തെ എല്ലാ മതേതര ജനങ്ങളോടും സംഘടനകളോടും സിപിഎം ആഹ്വാനം ചെയ്‌തു. വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്നതിനും മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങൾക്കായി അവ ശരിയായ രീതിയില്‍ വിനിയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതായിരുന്നു മുൻ നിയമം, എന്നാല്‍ ഇവ ഭേദഗതി ചെയ്‌തതിലൂടെ അടിസ്ഥാന തത്വങ്ങളെ ദുർബലപ്പെടുത്തിയെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.”ഈ ഭേദഗതിയിലൂടെ, ജനങ്ങളെ ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ട് ബിജെപി സർക്കാർ തങ്ങളുടെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ്. മുൻ നിയമം മുസ്‌ലിങ്ങള്‍ വ്യാപകമായി ഭൂമി പിടിച്ചെടുക്കാൻ ഉപയോഗിച്ചിട്ടുണ്ടെന്ന് ബിജെപി ആവർത്തിച്ച് അവകാശപ്പെടുന്നു” പ്രമേയത്തിൽ പറയുന്നു.

(photo)സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിലെ കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ

വഖഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ നിന്ന് മുസ്‌ലിങ്ങളല്ലാത്തവരെ വിലക്കുന്ന ഇസ്ലാമിക വിലക്കുകൾ ഉണ്ടായിരുന്നിട്ടും, ഭേദഗതി ചെയ്‌ത നിയമനിർമ്മാണം വഖഫ് ബോർഡുകളിൽ അമുസ്‌ലിങ്ങളെ ഉൾപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് മുസ്‌ലിങ്ങൾക്ക് അവരുടെ മതപരമായ കാര്യങ്ങള്‍ ആചരിക്കാനുള്ള ഭരണഘടനാ അവകാശത്തിന് നേരെയുള്ള ആക്രമണമാണെന്നും സിപിഎം വ്യക്തമാക്കി.

അഞ്ച് വർഷമെങ്കിലും മതം പിന്തുടരുന്നുണ്ടെന്ന് തെളിയിക്കാൻ കഴിയുന്ന ഒരു മുസ്‌ലിമിന് മാത്രമേ വഖഫ് ബോർഡുകൾക്ക് ഭൂമി ദാനം ചെയ്യാൻ കഴിയൂ എന്ന് നിർബന്ധമാക്കിയിട്ടുണ്ട്. ഇത് മുസ്‌ലിങ്ങളെ ഉപദ്രവിക്കാനാണെന്നും വഖഫ് സ്വത്തുക്കൾ സംഭാവന ചെയ്യുന്നതിൽ നിന്ന് അവരെ തടയുന്നതിന്‍റെ ഭാഗമാണ് ഇതെന്നും സിപിഎം പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

ഭേദഗതി ചെയ്‌ത നിയമനിർമ്മാണത്തിലൂടെ, വലിയ വഖഫ് സ്വത്തുക്കളുള്ള ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്വത്തുക്കൾ കേന്ദ്രം ഏറ്റെടുക്കുന്നതിലേക്ക് നീങ്ങും. “വഖഫ് സ്വത്തുക്കൾ നിർണയിക്കാനുള്ള അധികാരം സർവേ കമ്മിഷണറിൽ നിന്ന് സർക്കാർ നിയമിച്ച റവന്യൂ ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിലൂടെ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, തൊഴിലധിഷ്‌ഠിത കേന്ദ്രങ്ങൾ എന്നിവ പിടിച്ചെടുക്കാനും അതുവഴി വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം ഏകീകരിക്കാനുമാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്,” പ്രമേയം പറയുന്നു.ദീർഘകാല ഉപയോഗത്തിലുള്ള ആയിരക്കണക്കിന് വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യണമെന്ന പുതിയ ഉത്തരവ്, അവ കണ്ടുകെട്ടാനുള്ള സർക്കാരിന്‍റെ രഹസ്യ അജണ്ടയെ തുറന്നുകാട്ടുന്നു. മുസ്‌ലിങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുക എന്ന അജണ്ട കേന്ദ്ര സർക്കാർ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും സിപിഎം കൂട്ടിച്ചേര്‍ത്തു.ബിജെപി സര്‍ക്കാര്‍ ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നത് നിര്‍ത്തണമെന്നും പലസ്‌തീനെ പിന്തുണയ്‌ക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് പ്രതിനിധികൾ ചെറുത്തുനില്‍പ്പിന്‍റെയും ഐക്യദാർഢ്യത്തിന്‍റെയും ചിഹ്നമായ കഫിയ അണിഞ്ഞു പലസ്‌തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത് ആവേശകരമായ അനുഭവമായിരുന്നുവെന്ന് മുഖ്യമന്ത്രി കുറിച്ചു. ഇസ്രയേൽ തുടരുന്ന വംശഹത്യക്കെതിരെ പലസ്‌തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിനിധി സമ്മേളനത്തിൽ പ്രമേയം പാസാക്കി.എല്ലാ മാനുഷിക മൂല്യങ്ങളും അന്താരാഷ്‌ട്ര മനുഷ്യാവകാശ പ്രഖ്യാപനങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഹീനമായ അധിനിവേശവുമായി മുന്നോട്ടുപോവുകയാണ് ഇസ്രയേലെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഈ സാഹചര്യത്തിൽ പലസ്‌തീൻ ജനതയോടൊപ്പം അണിനിരക്കുന്നതിന് പകരം ഇസ്രയേലിനെ ന്യായീകരിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ.

സ്വാതന്ത്ര്യാനന്തരം രാജ്യം തുടർന്നുപോന്ന നിലപാടിൽ വെള്ളം ചേർക്കുന്ന നടപടിയാണിത്. സമ്മേളനം പാസാക്കിയ പ്രമേയം പലസ്‌തീനിൽ അടിയന്തിരമായി സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെയുള്ള പലസ്‌തീൻ സ്വതന്ത്രമാവുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *