‘സിപിഎം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാർട്ടി കുടുംബത്തോടൊപ്പം’: നവീന്റെ വീട്ടിലെത്തി എം.വി. ഗോവിന്ദൻ

0

പത്തനംതിട്ട∙  നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പത്തനംതിട്ടയിലെ നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.‘‘നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടി രണ്ടു തട്ടിലാണെന്നുള്ള വാർത്തകൾ കാണുന്നുണ്ട്. പാർട്ടി എല്ലാ അർഥത്തിലും നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്.

കണ്ണൂരിലെ പാർട്ടിയായാലും പത്തനംതിട്ടയായാലും കേരളമായാലും പാർട്ടിക്ക് നിലപാട് ഒന്നുതന്നെയാണ്. ജനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയം പി.പി. ദിവ്യയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റുകയാണ്. അതിനു സമയം താമസിപ്പിക്കാതെ മാറ്റി.പാർട്ടി കുടുംബത്തിനൊപ്പം തന്നെയാണ്. എം.വി. ജയരാജൻ മൃതദേഹത്തോടൊപ്പം എത്തിയിരുന്നു. വിഷയത്തിൽ ആദ്യം മുതൽ തന്നെ പാർട്ടി കുടുംബത്തിന് ഒപ്പമാണ്. ആവശ്യമില്ലാതെ വാർത്തകൾ ഉണ്ടാക്കരുത്. സിപിഎം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത് പാർട്ടി കുടുംബത്തോടൊപ്പമാണെന്ന്.

അന്വേഷണത്തിന് എന്തെല്ലാം നടപടികൾ വേണോ അതിനെല്ലാം പൂർണമായി പിന്തുണയ്ക്കും’’ – എം.വി.ഗോവിന്ദൻ പറഞ്ഞു.ഞായറാഴ്ച രാവിലെ 11.30 ഓടെ വീട്ടിലെത്തിയ ഗോവിന്ദൻ അടച്ചിട്ട മുറിയിലാണ് കുടുംബവുമായി കൂടിക്കാഴ്ച നടത്തിയത്. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം എം.വി. ഗോവിന്ദൻ ഇരിക്കുന്ന ദൃശ്യങ്ങൾ പകർത്താൻ മാധ്യമങ്ങളെ അനുവദിച്ച ശേഷം എല്ലാവരെയും പുറത്തിറക്കി സിപിഎം നേതാക്കൾക്കൊപ്പം കുടുംബാംഗങ്ങളോട് അദ്ദേഹം സംസാരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *