“പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം വേറെ കേരള മുഖ്യമന്ത്രിയെ കണ്ടെത്തണം “: രമേശ് ചെന്നിത്തല /കെ സുധാകരന്‍ എംപി

0

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ പ്രോസിക്യൂഷന്‍ നടപടികള്‍ നേരിടുന്ന സാഹചര്യത്തില്‍ ധാര്‍മ്മികമായി മുഖ്യമന്ത്രി സ്ഥാനത്തു തുടരാന്‍ പിണറായി വിജയന് അര്‍ഹതയില്ലെന്നും മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎം പ്രതിനിധികള്‍ അടിയന്തിരമായി പകരം മുഖ്യമന്ത്രിയെ കണ്ടെത്തി കേരളജനതയോട് നീതി കാണിക്കണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പത്തു വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ പ്രതിമാസം ലഭിച്ച മാസപ്പടിയാണിതെന്ന കാര്യം വളരെ വ്യക്തമാണ്. സ്വന്തം മകളെ ഉപയോഗിച്ച് കൈക്കൂലി വാങ്ങിയ മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും ഇനി കേരളത്തിന്റെ ഭരണാധികാരിയായിരിക്കാന്‍ അര്‍ഹതയില്ല – അദ്ദേഹം വ്യക്തമാക്കി .

സിഎംആര്‍എല്‍ എന്ന സ്ഥാപനത്തില്‍ നിന്നും ഇതിന്റെ സഹോദരസ്ഥാപനമായ എംപവര്‍ ഇന്ത്യ എന്ന സ്ഥാപനത്തില്‍ നിന്നും വീണാവിജയന്‍ യാതൊരു സേവനവും നല്‍കാതെ 2.7 കോടി രൂപ എക്സാലോജിക് എന്ന കമ്പനി വഴി വാങ്ങിയെടുത്തെന്നാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം കണ്ടെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഇന്‍കംടാക്സ് അപ്പലേറ്റ് കൗണ്‍സില്‍ വിധിയില്‍ സര്‍ക്കാരിലെ പ്രമുഖന്റെ മകളായതു കാരണം ഈ തുക മാസപ്പടിയാണെന്നു കൃത്യമായി നിര്‍വചിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറേക്കാലം അനങ്ങാതിരുന്നിട്ടും കടുത്ത പ്രതിപക്ഷ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ കേസ് ഏറ്റെടുക്കാന്‍ SFIO തയ്യാറായത് – രമേശ് ചെന്നിത്തല പറഞ്ഞു.

 

മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ ഒരു നിമിഷം വൈകാതെ പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കാര്യം അടിയന്തമായി തീരുമാനിക്കണം.

മധുരയില്‍ നടക്കുന്ന സുപ്രധാനമായ പാര്‍ട്ടി കോണ്‍ഗ്രസ് പതിവുപോലെ മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് നീക്കമെങ്കില്‍ സിപിഐഎമ്മിന്റെ അന്ത്യത്തിന് അവിടെ നിന്ന് തുടക്കം കുറിക്കും. പാര്‍ട്ടി കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ സത്യസന്ധമായ നിലപാട് സ്വീകരിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.10 വര്‍ഷം വരെ തടവ് കിട്ടുന്ന കുറ്റമാണിത്. തെളിവുകളെ അതിജീവിക്കാന്‍ മുഖ്യമന്ത്രിക്കോ മകള്‍ക്കോ സാധിക്കില്ല. പണം വാങ്ങിയവര്‍ അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചേ തീരൂ. പലനാള്‍ കട്ടാല്‍ ഒരു നാള്‍ പിടിക്കപ്പെടും എന്നതാണ് യാഥാര്‍ത്ഥ്യം.

കേരള ഹൗസില്‍ മുഖ്യമന്ത്രി ഗവര്‍ണറേയും കൂട്ടി കേന്ദ്രധനമന്ത്രിയെ കണ്ടത് ഈ കേസില്‍ നിന്നു രക്ഷപ്പെടാനായിരുന്നു. അവിടെ നടന്ന ചര്‍ച്ച എന്തായിരുന്നുവെന്ന് മുഖ്യമന്ത്രി ഇതുവരെ പുറത്തുവിട്ടിട്ടില്ല. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നിശ്ചയദാര്‍ഢ്യം കൊണ്ട് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.

നാളെ സംസ്‌ഥാന വ്യാപകമായി കോൺഗ്രസ്സ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു പ്രതിഷേധിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *