അമ്മയെയും കുട്ടിയെയും മർദിച്ച കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശി അറസ്റ്റിൽ
പത്തനംതിട്ട∙ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി പത്തനംതിട്ടയിൽ അറസ്റ്റിലായി. കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദിച്ച സംഭവത്തിലാണ് ആര്യനാട് പൊലീസ് ശശിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റുചെയ്തത്.
തട്ടുകടയുടെ ബോര്‍ഡ് റോഡില്‍നിന്നു മാറ്റുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. അരുണ്‍ എന്നയാളുടെ കടയിൽ വച്ചാണ് സംഭവം. അരുണിന്റെ ഭാര്യ സുകന്യ, മാതാവ് ഗീത എന്നിവരുമായി ശശി തര്‍ക്കിക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിരുന്നു. സംഭവം വിഡിയോയില്‍ പകര്‍ത്താന്‍ ശ്രമിച്ച സുകന്യയുടെ മകന്‍ മൊഹിത്തിന്റെ കൈയില്‍നിന്ന് ശശി മൊബൈല്‍ ഫോണ്‍ തട്ടിയെറിയുന്നത് ദൃശ്യത്തിൽ വ്യക്തമായിരുന്നു.
കുട്ടി കരഞ്ഞതോടെ സ്ത്രീകള്‍ ശശിയെ തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ശശി സ്ത്രീകളെ മര്‍ദിക്കാന്‍ ശ്രമിക്കുന്നതും വിഡിയോയിലുണ്ടായിരുന്നു. തുടര്‍ന്ന് കടയുടമ ആര്യനാട് സ്‌റ്റേഷനില്‍ പരാതി നല്‍കി.
അതേസമയം, റോഡില്‍നിന്ന് ബോര്‍ഡ് മാറ്റാന്‍ പറഞ്ഞ തന്നെ കടയില്‍ ഉണ്ടായിരുന്നവരാണ് കയ്യേറ്റം ചെയ്തതെന്നാണ് ശശി പറഞ്ഞത്. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ എത്തിയ ശശി, വെള്ളനാട് ഡിവിഷനില്‍നിന്നാണ് തിരുവനന്തപുരം ജില്ലാപഞ്ചായത്ത് അംഗമായി ജയിച്ചത്. സംഭവത്തിൽ ശശിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.