സിപിഎം നേതാവും എൽഡിഎഫ് മുൻ കൺവീനറുമായ എം.എം.ലോറൻസ് അന്തരിച്ചു

0

കൊച്ചി ∙ മുതിർന്ന സിപിഎം നേതാവും എൽഡിഎഫ് മുൻ കൺവീനറുമായ എം.എം.ലോറൻസ് (95) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12 മണിയോടെയായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു ദേശീയ വൈസ് പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇടപ്പളളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ 22 മാസവും അടിയന്തരാവസ്ഥക്കാലത്തടക്കം ആറു വർഷവും ജയിൽവാസമനുഭവിച്ചിട്ടുണ്ട്. തൊഴിലാളി സംഘടനാ നേതാവ് എന്ന നിലയിൽ ശ്രദ്ധേയനായിരുന്ന അദ്ദേഹം 1980 ൽ ഇടുക്കിയിൽനിന്ന് ലോക്സഭാംഗമായിട്ടുണ്ട്.

1929 ജൂൺ 15ന് എറണാകുളത്ത് മുളവുകാട് മാടമാക്കൽ അവിരാ മാത്തുവിന്റെയും മംഗലത്ത് മറിയത്തിന്റെയും മകനായി ജനിച്ചു.
സെന്റ് ആൽബർട്ട്സ് സ്കൂളിലും എറണാകുളം മുനവിറുൽ ഇസ്‌ലാം സ്കൂളിലുമായായിരുന്നു പഠനം. പത്താം ക്ലാസിനു ശേഷം ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ സജീവമായി. കൊച്ചി സ്റ്റേറ്റ് വിദ്യാർഥി ഫെഡറേഷൻ സെക്രട്ടറിയായിരുന്നു.1946–ൽ കമ്യൂണിസ്‌റ്റ് പാർട്ടിയിൽ അംഗമായി.

ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണക്കേസിൽ അറസ്റ്റിലായി പൊലീസ് മർദനമേറ്റു. രണ്ടുവർഷത്തോളം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞു. കമ്യൂണിസ്റ്റ് ആദർശത്തോട് ശക്തമായ കൂറുപുലർത്തിയിരുന്ന ലോറൻസ് തന്റെ ശരികളോടൊപ്പം എക്കാലവും നിലയുറപ്പിച്ചിരുന്നു. സേവ് സിപിഎം ഫോറം അന്വേഷണ റിപ്പോർട്ടിന്റെ തുടർച്ചയായി പാർട്ടി നടപടി നേരിട്ട് ഏരിയ കമ്മിറ്റിയിലേക്കു തരംതാഴ്ത്തപ്പെട്ടു. എന്നാൽ അവിടെ നിന്നു സംസ്ഥാന കമ്മിറ്റിയിലേക്കും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും ലോറൻസ് എത്തി. ഭാര്യ പരേതയായ ബേബി. മക്കൾ: അഡ്വ. എം.എൽ.സജീവൻ, സുജാത, അഡ്വ. എം.എൽ. അബി, ആശ ലോറൻസ്.

∙ മുഖ്യമന്ത്രിയുടെ അനുശോചനം:‘‘കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവായിരുന്നു എം.എം.ലോറൻസ്. അത്യുജ്വലമായ സമര പാരമ്പര്യമുള്ള നേതാവ്. ഇടപ്പള്ളി പൊലീസ് ആക്രമണത്തിൽ അടക്കം പ്രതിയായി. ദീർഘകാലം എൽഡിഎഫ് കൺവീനറായിരുന്നു. കേരളമാകെ അറിയപ്പെടുന്ന നേതാവിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.’’

Spread the love

Leave a Reply

Your email address will not be published. Required fields are marked *