കരുനാ​ഗപ്പള്ളി സിപിഎമ്മിൽ കൂട്ട നടപടി.

0
cpm

 

കരുനാഗപ്പള്ളി : സിപിഎമ്മിൽ കൂട്ട നടപടി. എം.വി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റിൻറേതാണ് തീരുമാനം. ഏരിയ കമ്മിറ്റിയംഗങ്ങൾ, ലോക്കൽ കമ്മിറ്റിയംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കൂട്ട നടപടിയുണ്ടായത്. ഡിവൈഎഫ്ഐ കരുനാഗപ്പള്ളി ഏരിയ ഘടകം പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു. ജില്ലയിലെ സിപിഎമ്മിന് തന്നെ ആകെ നാണക്കേട് ഉണ്ടാക്കിയ വിഭാഗീയ പ്രവർത്തനമായിരുന്നു കരുനാഗപ്പള്ളിയിൽ ഉണ്ടായതെന്നും യോ​ഗം വിലയിരുത്തി. അംഗങ്ങൾ ചേരിതിരിഞ്ഞതോടെ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിടുന്ന സ്ഥിതിയുണ്ടായി. ഈ സംഭവത്തിലാണ് കൂട്ട നടപടിയിലേക്ക് സിപിഎം കടക്കുന്നത്. വിഭാഗീയ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്നു കണ്ടു 65 പേർക്കാണു കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നത്. ഇതിൽ ചിലരുടെ മറുപടി നേതൃത്വം സ്വീകരിച്ചു. ബാക്കി അറുപതോളം പേർക്കെതിരെയാണ് ഇപ്പോൾ നടപടി.

ബ്രാഞ്ച് സെക്രട്ടറിമാർ, ലോക്കൽ കമ്മിറ്റിയംഗങ്ങൾ എന്നിവരെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കും. ഇവർ പാർട്ടി അംഗത്വത്തിൽ തുടരും. പ്രകടനത്തിൽ പങ്കെടുത്ത പാർട്ടി അംഗങ്ങളെ പരസ്യമായി താക്കീത് ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗങ്ങളെ സമ്മേളന ഹാളിൽ പൂട്ടിയിടാൻ നേതൃത്വം നൽകുകയും മാധ്യമങ്ങൾക്ക് അഭിമുഖം നൽകുകയും ചെയ്തവരെ ആറു മാസത്തേക്കു പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യും. പ്രകടനത്തിൽ പങ്കെടുത്തില്ലെന്നു എഴുതി നൽകിയതു സത്യമാണെന്നു ബോധ്യപ്പെട്ടവരെ നടപടിയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.

സെക്രട്ടറി ഉൾപ്പെടെ 16 അംഗ ഏരിയ കമ്മിറ്റി രൂപീകരിച്ചു. ഡിവൈഎഫ്ഐ കരുനാഗപ്പള്ളി ഏരിയ ഘടകം പുനഃസംഘടിപ്പിക്കാനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻറെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ്– ജില്ലാ കമ്മിറ്റി യോഗങ്ങൾ തീരുമാനിച്ചു. ഏരിയ കമ്മിറ്റി രൂപീകരിച്ചെങ്കിലും ഇതിൽ സെക്രട്ടറിയെ കരുനാഗപ്പള്ളിക്കു പുറത്തു നിന്നു കണ്ടെത്തി. നിലവിലെ അഡ്ഹോക് കമ്മിറ്റി കൺവീനർ ടി. മനോഹരൻ ആണു പുതിയ ഏരിയ സെക്രട്ടറി. തെറ്റ് ചെയ്‌തവർക്ക് തെറ്റ് തിരുത്തി പാർട്ടിയുടെ ഭാഗമായി നിന്ന് പോകണം എന്ന നിലയിൽ എല്ലാവർക്കും തെറ്റ് തിരുത്താനുള്ള നടപടി മാത്രമാണ് സ്വീകരിച്ചതെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽകാലിക ചുമതല വഹിക്കുന്ന സെക്രട്ടറിയേറ്റ് അംഗം എസ്. ജയമോഹൻ സഹ്യ ടിവിയോട് പറഞ്ഞു

Spread the love

Leave a Reply

Your email address will not be published. Required fields are marked *