ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ മതാധിഷ്ഠിത ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു : ഗവർണ്ണർക്കെതിരെ സിപിഎം

0

കണ്ണൂർ: സനാതന ധർമ്മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളില്‍ വിദ്യാലയങ്ങള്‍ സ്ഥാപിക്കണമെന്നും, അലഞ്ഞു തിരിയുന്ന പശുക്കളെ സംരക്ഷിക്കാൻ ഗോശാലകള്‍ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് കേരളാ ഗവർണർ രാജേന്ദ്ര വിശ്വനാഥ് നടത്തിയ പ്രസംഗത്തിനെതിരെ  ശക്തമായ പ്രതിഷേധം.

പ്രശസ്തമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ , പ്രമുഖ വ്യവസായി മൊട്ടമ്മൽ രാജൻ സമർപ്പിച്ച വെങ്കലത്തിൽ തീർത്ത പൂർണ്ണകായ ശിവ ശില്പം അനാച്ഛാദനം  ചെയ്യുന്ന പരിപാടിയിൽ  ഗവർണർ നടത്തിയ  പ്രസംഗത്തിനെതിരെ സി.പി.എം രംഗത്തെത്തിയിട്ടുള്ളത്.

ഗവർണർ പ്രസംഗിച്ചത് സംഘ പരിവാർ ആശയങ്ങളാണെന്നാണ് സി.പി.എം സൈബർ പോരാളികളുടെയും ഇടതു സഹയാത്രികരുടെയും പ്രധാന വിമർശനം. ആർ.എസ്.എസ്. ന്യായവാദങ്ങളാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിരത്തിയതെന്നാണ്  വിമർശനം. ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ മതാധിഷ്ഠിത ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നും വിലയിരുത്തപ്പെടുന്നു.

വരും തലമുറയെ സനാതന ധർമ്മം പഠിപ്പിക്കണമെന്നായിരുന്നു ഗവർണറുടെ വാക്കുകള്‍. ജമ്മു കശ്മീർ മുതല്‍ കന്യാകുമാരി വരെ സനാതന ധർമ്മത്തെ ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരുവിലെ പശുക്കള്‍ക്ക് ഗോശാലകള്‍ വേണമെന്നും, ഇതിന് ഒരുപാട് സഹായങ്ങള്‍ ലഭിക്കുമെന്നും ഗവർണർ ചൂണ്ടിക്കാട്ടി. ഇവ നിർമ്മിക്കാൻ ക്ഷേത്ര ദേവസ്വങ്ങള്‍ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

തനിക്കും കുടുംബത്തിനും ജീവിതത്തിലെ അഭിമാനകരമായ നിമിഷമാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാച്ഛാദനം ചെയ്യാൻ കിട്ടിയ അവസരമെന്ന് ഗവർണർ പറഞ്ഞു.

എല്ലാ ക്ഷേത്രങ്ങളിലും നിർബന്ധമായും ഗോശാലകളും സനാതന ധർമ്മ പഠനത്തിനായി വിദ്യാഭ്യാസ കേന്ദ്രങ്ങളും ആശുപത്രിയും ആരംഭിക്കണമെന്നും ഗവർണർ കൂട്ടിച്ചേർത്തു. സർവ്വകലാശാലകളില്‍ കാവിവല്‍ക്കരണം നടത്തുന്നുവെന്ന ആരോപണം നിലനില്‍ക്കവെയാണ്, ഇടതു കോട്ടയായ കണ്ണൂരിലെത്തി ഗവർണർ ഇത്തരം വിവാദ പ്രസംഗം നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *