തെരഞ്ഞെടുപ്പ് തോൽവി: നിര്‍ണായക സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തോൽവിയുടെ പ്രാഥമിക അവലോകനം നടത്തും. രാജ്യസഭാ സീറ്റിന് ഘടകകക്ഷികൾ ഉന്നയിച്ച അവകാശവാദത്തിലും നേതൃതല തീരുമാനം ഇന്ന് ഉണ്ടാകും.
വിവിധ മണ്ഡലങ്ങളിൽ നിന്ന് വരുന്ന വോട്ടിന്‍റെ കണക്കുകൾ അനുസരിച്ച് വിശദമായ വിലയിരുത്തൽ 16ന് ആരംഭിക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും ഉണ്ടാകുക. കെ രാധാകൃഷ്ണൻ മന്ത്രിസ്ഥാനം രാജിവെക്കുമ്പോൾ പകരം മന്ത്രി വേണമോ അതോ മറ്റാർക്കെങ്കിലും ചുമതല നൽകണമോ എന്നത് സംബന്ധിച്ച ചർച്ചയും നടന്നേക്കും.
ആദിവാസി വിഭാഗത്തിൽപ്പെട്ട സിപിഎം സംസ്ഥാന സമിതി അംഗം ഒ ആർ കേളു, ശാന്തകുമാരി, സച്ചിൻദേവ് എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കുന്നത്. പട്ടിക വർഗ വിഭാഗത്തിൽ നിന്നുളള ആരെയും ഇതുവരെ സിപിഎം മന്ത്രിയാക്കിയിട്ടില്ല. കേളുവിനെ മന്ത്രിയാക്കിയാൽ വയനാടിന് മന്ത്രിസഭയിൽ പ്രാതിനിധ്യവും ലഭിക്കും.
കനത്ത തോൽവിയുടെ പശ്ചാത്തലത്തിൽ എന്തൊക്കെ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന കാര്യവും യോഗത്തിലുണ്ടായേക്കും.ഈ മാസം 16ന് ആരംഭിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിൽ തിരുത്തൽ എവിടെ വരെ എന്നു യോഗത്തിൽ തീരുമാനമെടുക്കും