സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നാളെ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നാളെ ചേരും. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രാഥമിക വിശകലനമാണ് യോഗത്തിന്റെ മുഖ്യ അജണ്ട. കൂടാതെ ഇപി ജയരാജന്‍ – പ്രകാശ് ജാവഡേക്കര്‍ കൂടിക്കാഴ്ച വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. വിവാദം സെക്രട്ടേറിയറ്റ് യോഗത്തില്‍ ചര്‍ച്ചയായേക്കും.
ഇപി- ജാവഡേക്കര്‍ വിവാദം കത്തിയതോടെ, സിപിഎം പ്രതിരോധത്തിലായിരുന്നു. കൂടിക്കാഴ്ച നടത്തിയതായി വെള്ളിയാഴ്ച ഇപി ജയരാജന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജാവഡേക്കര്‍ അപ്രതീക്ഷിതമായി മകന്റെ ഫ്‌ലാറ്റിലേക്ക് വരികയായിരുന്നുവെന്നും, രാഷ്‌ട്രീയം ചര്‍ച്ചയായില്ലെന്നുമാണ് ഇപിയുടെ വിശദീകരണം.
പോളിങ് ശതമാനം കുറഞ്ഞതുകൊണ്ട് യു.ഡി.എഫിന് അനുകൂലമായ തരംഗം കേരളത്തിൽ അലയടിച്ചിട്ടില്ലെന്നാണ് ഇടത് മുന്നണിയുടെ വിലയിരുത്തൽ. അതിന് കാരണമായി പറയുന്നത് പഴയ വോട്ട് ചരിത്രമാണ്.
2009ൽ 73.5 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോൾ 16 സീറ്റും, 2019ൽ 77.84 ശതമാനം പോളിങ് നടന്നപ്പോൾ 19 സീറ്റും യു.ഡി.എഫിന് കിട്ടി. എന്നാൽ പോളിങ് ശതമാനം കുറഞ്ഞ് 71.20 ൽ എത്തിയപ്പോഴാണ് 19 സീറ്റ് എൽ.ഡി.എഫിന് കിട്ടിയത്. 71.05 ആണ് ഇത്തവണത്തെ പോളിങ് അതുകൊണ്ട് സർക്കാർ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ ആഞ്ഞടിച്ചിട്ടില്ലെന്നാണ് സി.പി.എം കണക്ക് കൂട്ടുന്നത്.
അതേസമയം, തെരഞ്ഞെടുപ്പു വേളയില്‍ ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച വിവാദമായതോടെ, സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. ഇപി ജയരാജന്റെ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.