സിപിഎം സ്ഥാനാർഥികളുടെ പട്ടിക ഈ മാസം 27ന് പ്രഖ്യാപിക്കും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎം സ്ഥാനാർഥികളുടെ പട്ടിക ഈ മാസം 27ന് പ്രഖ്യാപിക്കും. ശനി, ഞായർ ദിവസങ്ങളിൽ ജില്ലാ കമ്മിറ്റികൾ ചേർന്ന് സ്ഥാനാർഥിപ്പട്ടിക സംസ്ഥാന സമിതിക്കു കൈമാറും. സംസ്ഥാന സമിതി 21ന് ചേരാനാണു തീരുമാനം. തുടർന്ന് പിബിയുടെ അംഗീകാരത്തിന് വിടും. അതേസമയം ആലത്തൂർ മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കി. അസൗകര്യം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ രാധാകൃഷ്ണൻ അറിയിച്ചു. പതിനഞ്ച് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കുറിച്ച് യോഗത്തിൽ ഏകദേശ ധാരണയായതായാണ് റിപ്പോർട്ടുകൾ.
കാസർഗോഡ് ടി.വി. രാജേഷ്, കണ്ണൂർ കെ.കെ. ശൈലജ, വടകര എ. പ്രദീപ് കുമാർ, കോഴിക്കോട് എളമരം കരീം, പാലക്കാട് എം. സ്വരാജ്, ആലപ്പുഴ എ.എം. ആരിഫ്, ഇടുക്കി ജോയ്സ് ജോർജ്, പത്തനംതിട്ട തോമസ് ഐസക്, ആറ്റിങ്ങൽ വി. ജോയ്, കൊല്ലം സി.എസ്. സുജാത എന്നിവരുടെ പേരുകളാണ് പ്രാഥമിക പട്ടികയിലുള്ളത്. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് കൂടുതൽ സീറ്റുകൾ നേടാനുള്ള സാധ്യതയാണ് നിലനിൽക്കുന്നതെന്നും യോഗം വിലയിരുത്തി.