വഴങ്ങാതെ സിപിഐ; മന്ത്രിസഭാ യോഗത്തിനെത്തില്ല

0
BINOY CM

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയുമായി ബന്ധപ്പെട്ട നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കേണ്ടെന്ന നിലപാടില്‍ ഉറച്ച് സിപിഐ. അടിയന്തര സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് പിന്നാലെ എം എ ബേബി രംഗത്തെത്തി. ബിനോയ് വിശ്വത്തെ എം എ ബേബി ഫോണില്‍ വിളിച്ചു. എന്നാല്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാട് ബിനോയ് അറിയിക്കുകയായിരുന്നു.രണ്ടംഗ ഉപസമിതിയെ വെക്കാം എന്ന നിര്‍ദേശവുമായി വീണ്ടും സിപിഎം സിപിഐയെ സമീപിച്ചു. ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് നിര്‍ദേശം മുന്നോട്ടു വെച്ചത്. നിര്‍ദേശം തള്ളിക്കളയാന്‍ സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനുളള തീരുമാനവുമായി മുന്നോട്ട് പോകാന്‍ പാര്‍ട്ടി തീരുമാനിച്ചതായാണ് വിവരം.സബ് കമ്മിറ്റി വെക്കാനുള്ള തീരുമാനത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറുകയാണ് വേണ്ടതെന്നാണ് സിപിഐ പറയുന്നത്. പദ്ധതിയില്‍ നിന്ന് പിന്മാറിയിട്ട് മറ്റ് കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നതാകും നല്ലതെന്നാണ് സിപിഐയുടെ നിലപാട്. സമവായ നീക്കം വരികയാണെങ്കില്‍ തന്നെ പദ്ധതിയുടെ ധാരണാ പത്രം മരവിപ്പിക്കണമെന്ന് സിപിഐ വ്യക്തമാക്കി. ധരാണാപത്രം മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കണം. ആ കത്ത് പ്രസിദ്ധപ്പെടുത്തണമെന്നാണ് സിപിഐയുടെ നിലപാട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *