സിപിഐ മുഖപത്രത്തിൽ വിമർശനം;അജിത് തമ്പുരാൻ പൂരത്തെ കലങ്ങാതെ കലങ്ങുന്ന നീർച്ചുഴിയാക്കി
തിരുവനന്തപുരം∙ തൃശൂർ പൂരം അലങ്കോലമായത് അന്വേഷിച്ച് റിപ്പോർട്ട് നൽകിയ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രം. പൂരം കലക്കാൻ ചുക്കാൻ പിടിച്ചത് അജിത് കുമാറാണെന്നാണ് വിമർശനം. അന്വേഷണ റിപ്പോർട്ടിനെതിരെ നേരത്തെ സിപിഐ നേതാക്കളും രംഗത്തെത്തിയിരുന്നു. പൂരം കലങ്ങിയതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് സിപിഐ ആരോപിക്കുന്നത്. ആർഎസ്എസ് ബന്ധമുള്ള എഡിജിപിക്കെതിരെ നടപടിയെടുക്കണമെന്നും സിപിഐ ആവശ്യപ്പെടുന്നു.
ആരും പൂരം കലക്കിയില്ലെങ്കിലും പൂരം കലങ്ങിയെന്നാണ് എഡിജിപി എം.ആർ.അജിത് കുമാറിന്റെ റിപ്പോർട്ടെന്ന് ലേഖനത്തിൽ പറയുന്നു. കലങ്ങാതെ കലങ്ങുന്ന നീർച്ചുഴി പോലെയാണ് പൂരമെന്നാണ് അജിത് തമ്പുരാന്റെ കണ്ടുപിടിത്തം. പരിചയക്കുറവ് കൊണ്ട് കാര്യങ്ങൾ നിയന്ത്രിച്ച എസ്പിയുടെയും പൂരം നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും തലയിൽ പഴിചാരിയുള്ള തട്ടിക്കൂട്ട് റിപ്പോർട്ട്. പൂര പരിപാടികൾ നിയന്ത്രിക്കുന്നത് അജിത് കുമാറാണെന്ന് ചിത്രങ്ങളിൽനിന്ന് വ്യക്തമാണ്. എഡിജിപി രംഗത്തുള്ളപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കുന്നത് ഒരു എസ്പിയാകുന്നത് എങ്ങനെയെന്നും ലേഖനത്തിൽ ചോദിക്കുന്നു.
‘‘ പൂരം എങ്ങനെ ഭംഗിയാക്കാം എന്നതിനു പകരം എങ്ങനെ കുളമാക്കാം, പൂരം കലക്കി എങ്ങനെ സുരേഷ് ഗോപിയെ ജയിപ്പിക്കാം എന്ന ഗൂഢാലോചനയിലെ ഓരോ നീക്കവും അജിത് നടത്തുന്നത് വിഡിയോയിൽ കാണാം. പൂരം കലക്കിയ അജിത് തന്നെ കലക്കൽ അന്വേഷണം നടത്തിയാൽ താൻ കലക്കിയില്ല എന്ന റിപ്പോർട്ട് അല്ലാതെ നൽകാനാകില്ല. നാണംകെട്ട റിപ്പോർട്ട് തയാറാക്കി സ്വയം കുറ്റവിമുക്തനാക്കി അജിത് കുമാർ നെഞ്ചുവിരിച്ച് ചോദിക്കുന്നു, എങ്ങനെയുണ്ട് എന്റെ പൂരം കലക്കൽ റിപ്പോർട്ട്’’–ലേഖനത്തിൽ പറയുന്നു.