കോൺഗ്രസിനു പിന്നാലെ സിപിഐയ്ക്കും തൃണമൂലിനും ആദായനികുതി നോട്ടീസ്
ന്യൂഡൽഹി: കോൺഗ്രസിനു പിന്നാലെ സിപിഐയ്ക്കും തൃണമൂൽ കോൺഗ്രസ് പാർട്ടിക്കും നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. പഴയ പാൻ കാർഡ് ഉപയോഗിച്ച് ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്തുവെന്നും അതിന്‍റെ പിഴയും പലിശയും അടക്കം11 കോടി രൂപ അടക്കണമെന്നുമാണ് നോട്ടീസിലുള്ളത്.
നോട്ടീസിൽ നിയമവിദഗ്ധരുടെ അഭിപ്രായം തേടാനൊരുങ്ങുകയാണ് സിപിഐ. 2017-18 മുതൽ 2020-21 വരെയുള്ള പിഴയും പലിശയുമടക്കം 1,700 കോടി രൂപ അടയ്ക്കാനാണ് കോൺഗ്രസിനോട് നിർദേശിച്ചിരുന്നത്. ഇതിനെതിരേ കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് അഭിഭാഷകനും എംപിയുമായ വിവേക് തൻഖ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി പ്രതിപക്ഷത്തെ തകർക്കാനാണ് ബിജെപിയുടെ ശ്രമമെന്നും കോൺഗ്രസ് ആരോപിച്ചിട്ടുണ്ട്.