പ്രകൃതി സംഹാര താണ്ഡവമാടിയ ദുരന്തഭൂമിയിൽ വീർത്ത അകിടും മുറിഞ്ഞ ശരീരവുമായി പശുക്കൾ

0

മേപ്പാടി : പുഞ്ചിരിമട്ടത്ത് ചിരിക്കാനോ കരയാനോ അറിയാതെ നിലവിളിച്ച കന്നുകാലികൾ. പ്രകൃതി സംഹാര താണ്ഡവമാടിയപ്പോൾ ഉടമസ്ഥൻ എവിടെയെന്നു പോലും അറിയാതെ അവർ കരഞ്ഞുവിളിച്ചു. നിസ്സഹായ അവസ്ഥയിലും തങ്ങളുടെ ഉടമസ്ഥൻ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് വീർത്ത അകിടും മുറിഞ്ഞ ശരീരവുമായി 23 പശുക്കൾ കഴിഞ്ഞ നാലു ദിവസം കഴിഞ്ഞുകൂടിയത്. ഒടുവിൽ സ്വാതന്ത്ര്യം നൽകി കാട്ടിലേക്ക് തുറന്നുവിടാൻ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരും ഡോക്ടർമാരും എത്തിയപ്പോൾ സ്നേഹത്തിന്റെ മഴ പെയ്തത് അവരുടെ കണ്ണുകളിലാണ്.

പുഞ്ചിരിമട്ടത്തെ ഫാമിൽ പശുക്കളുണ്ടെന്നും അവരെ രക്ഷിക്കാൻ കഴിഞ്ഞാൽ ഉപകാരമായിരിക്കുമെന്നും വെറ്ററിനറി ഡോക്ടർമാരും സന്നദ്ധ പ്രവർത്തകരുമാണ് അഗ്നിരക്ഷാ സേനയെ അറിയിക്കുന്നത്. 23 പശുക്കളിൽ 14 പേർ കിടാവുകളായിരുന്നു. വളരെ പ്രയാസപ്പെട്ടാണ് ഡോക്ടർമാർ ഉൾപ്പെട്ട സംഘത്തെ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ പുഞ്ചിരിമട്ടത്തേക്ക് എത്തിച്ചത്. പുഴയ്ക്ക് കുറുകെ തടി കൊണ്ട് കെട്ടിയ ചെറിയൊരു പാലത്തിലൂടെയാണ് സംഘം ഫാമിലേക്ക് എത്തിയത്. ഫാം സ്ഥിതി ചെയ്യുന്ന കുന്നിൻ പ്രദേശത്ത് അധികസമയം നിൽക്കരുതെന്നും അതിനു മുകളിലേക്ക് പോകരുതെന്നും പ്രത്യേകം മുന്നറിയിപ്പുണ്ടായിരുന്നു.പശുക്കളെ കണ്ട ഉദ്യോഗസ്ഥരും ഡോക്ടർമാരും ആദ്യമൊന്ന് ഞെട്ടി.

കെട്ടിയിട്ട നിലയിലായിരുന്നു പശുക്കൾ‌. ശരീരമാസകലം മുറിവ്. അകിടുകൾ വീർത്തുള്ള കൂട്ട നിലവിളി. മുറിവുകളിലെല്ലാം ഡ‍ോക്ടർമാർ മരുന്ന് പുരട്ടി. ആവശ്യത്തിന് ഭക്ഷണം നൽകാൻ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ മറന്നില്ല. അവർ തന്നെ അകിടും കറന്നു. പാൽ ഇറ്റിറ്റ് ഭൂമിയിൽ വീണപ്പോൾ പശുക്കൾക്കുണ്ടായ ആശ്വാസവും നന്ദിയുമെല്ലാം കണ്ണീരായി ഒഴുകി. ചുറ്റുമുള്ളതൊക്കെയും ഒലിച്ചുപോയിട്ടും 23 പശുക്കളെ ദുരന്തം ബാധിക്കാത്തത് പലർക്കും അത്ഭുതമായിരുന്നു. ഉരുൾ പൊട്ടിയ ഒഴുകിയ ഭാഗത്താണ് ഈ ഫാം സ്ഥിതി ചെയ്തത്. കൂട്ടത്തിൽ ഒരു പശുവിന്റെ ജീവൻ രക്ഷിക്കാൻ കഴിയാതെ പോയത് ഉദ്യോഗസ്ഥർക്ക് നൊമ്പരമായി.

ജീവനുണ്ടായിരുന്ന 22 പശുക്കളെയും അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ‌ അഴിച്ചുവിട്ടു. ഇക്കരെയെത്തിക്കാൻ പ്രയാസമായതിനാൽ ഡോക്ടർമാരോട് കൂടി ചോദിച്ച ശേഷമായിരുന്നു നടപടി. മനസില്ലാ മനസോടെയാണ് അഴിച്ചുവിട്ടതെന്ന് ഒരു ഫയർ ഫോഴ്സ് ഉദ്യോഗസ്ഥൻ മനോരമ ഓൺലൈനിനോട് പറഞ്ഞു. ജീവൻ‌ നഷ്ടമായ പശുവിനെ ദൂരെ ഒരിടത്ത് മാറ്റിയിട്ടു. കുഴിയെടുക്കാൻ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. പുഴ കടന്ന് ഇക്കരയെത്തുമ്പോൾ ഡോക്ടർമാർ നിറകണ്ണുകളോടെയാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *