ഗോവധം; രാഷ്‌ട്രീയ കക്ഷികളുമായി ശങ്കരാചാര്യ നാളെ കൂടിക്കാഴ്‌ച നടത്തും

ന്യൂഡല്‍ഹി/ഗാസിയബാദ്: നാളെ ഡല്‍ഹി സന്ദര്‍ശിക്കുന്ന ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി എല്ലാ രാഷ്‌ട്രീയ കക്ഷികളുടെ കാര്യാലയങ്ങളിലുമെത്തും. ഗോവധം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായാണ് സന്ദര്‍ശനം.
നാളെ രാംലീല മൈതാനത്ത് ഒരു സത്യഗ്രഹമിരിക്കാനായിരുന്നു നേരത്തെ ശങ്കരാചാര്യ തീരുമാനിച്ചിരുന്നത്. എന്നാല്‍ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസ് ഇതിന് അനുമതി നിഷേധിച്ചതോടെ നാളെ ഡല്‍ഹിയിലെ തെരുവുകളിലൂടെ ഒരു പദയാത്ര നടത്താനാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നതെന്ന് ശങ്കരാചാര്യരുടെ മാധ്യമവിഭാഗം ചുമതലയുള്ള യോഗിരാജ് സര്‍ക്കാര്‍ പ്രസ്‌താവനയില്‍ അറിയിച്ചു. ഈ പദയാത്രയ്ക്കിടെ അദ്ദേഹം എല്ലാ രാഷ്‌ട്രീയ കക്ഷികളുടെ കാര്യാലയങ്ങളിലും സന്ദര്‍ശനം നടത്തും. ഒപ്പം തന്‍റെ കാഴ്‌ചപ്പാടുകള്‍ അവരുമായി പങ്കുവയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.തങ്ങളെ ധര്‍ണ നടത്തുന്നതില്‍ നിന്ന് തടഞ്ഞ് കൊണ്ട് ഞങ്ങളുടെ ശബ്‌ദം അടിച്ചമര്‍ത്താനാകില്ലെന്നും ശങ്കരാചാര്യ വ്യക്തമാക്കി. ഈ ശബ്‌ദം സനാതന ധര്‍മ്മികള്‍ക്ക് വേണ്ടിയുള്ളതാണ്. അവര്‍ക്ക് വേണ്ടി സര്‍ക്കാരിനോടും പ്രതിപക്ഷ കക്ഷികളോടും തങ്ങള്‍ ഇക്കാര്യം ആവശ്യപ്പെടുന്നു. അവര്‍ ശരിയാണോ തെറ്റാണോ ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. ഇക്കാര്യം ഞങ്ങളോട് പറയാമോ. ഇത് ഓരോ സനാതനികളുടെയും ശബ്‌ദമാണ്. ഈ ശബ്‌ദം ഒരു കക്ഷിക്കും ഒരു സര്‍ക്കാരിനും അടിച്ചമര്‍ത്താനാകില്ല. ഗോമാതാവിനോടുള്ള ഞങ്ങള്‍ ഹിന്ദുക്കളുടെ ഭക്തി ഞങ്ങളുടെ രക്തത്തില്‍ കലര്‍ന്നതാണ്. ഇത് കഴിയുന്നത്ര നേരത്തെ മനസിലാക്കിക്കൊണ്ട് മുന്നോട്ട് പോകൂ. ഇത് നമ്മുടെ എല്ലാവരുടെയും ക്ഷേമത്തിന്‍റെ കാര്യമാണ്. ഇതൊരു രാഷ്‌ട്രീയ നേട്ടത്തിനും വേണ്ടിയല്ല തങ്ങള്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുജനങ്ങള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കും വേണ്ടി തങ്ങള്‍ മുന്നോട്ട് വരികയും ശബ്‌ദം ഉയര്‍ത്തുകയും ചെയ്യുമെന്ന് ശങ്കരാചാര്യ നേരത്തെ വ്യക്തമാക്കിയിരുന്നു. മഹാകുംഭമേള സംബന്ധിച്ച് എല്ലാ രാഷ്‌ട്രീയ കക്ഷികളോടും തങ്ങള്‍ ചോദ്യങ്ങളുയര്‍ത്തിയിരുന്നു. മാര്‍ച്ച് പതിനേഴിന് രാം ലീല മൈതാനത്ത് വൈകിട്ട അഞ്ച് മണി വരെ തങ്ങള്‍ ധര്‍ണയിരിക്കും. ഈ സമയത്ത് എല്ലാ രാഷ്‌ട്രീയ കക്ഷികളും അവരുടെ ഉത്തരങ്ങളുമായി എത്തുമെന്നാണ് തങ്ങള്‍ കരുതുന്നത്. രാഷ്‌ട്രീയ കക്ഷികള്‍ ഗോഹത്യയെ അനുകൂലിക്കുന്നുണ്ടോ എതിര്‍ക്കുന്നുണ്ടോ അതോ നിശബ്‌ദത തുടരുകയാണോ? അതാണല്ലോ കഴിഞ്ഞ എഴുപത്തെട്ട് വര്‍ഷമായി തുടരുന്നത്. ഭാവിയിലും ഇത് തുടരുമോ. എല്ലാ രാഷ്‌ട്രീയ കക്ഷികളുടെയും മനസിലെന്താണെന്ന് അറിയണമെന്നും അദ്ദേഹം പറഞ്ഞു.