കോവിഡ് ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; ശിക്ഷാവിധി നാളെ

പത്തനംതിട്ട: കോവിഡ് ബാധിച്ച പെൺകുട്ടിയെ ആംബുലസിൽ പീഡിപ്പിച്ച കേസിൽ പ്രതി കായംകുളം കീരിക്കാട് സൗത്ത് പനയ്ക്കച്ചിറയില്‍ നൗഫല്‍(29) കുറ്റക്കാരനാണെന്ന് പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി . കേസില്‍ നാളെ വിധി പറയും. പ്രതിക്ക് ജീവപര്യന്തം തടവ് നല്‍കണമെന്ന് പ്രോസിക്യൂട്ടര്‍ അഡ്വ. ടി ഹരികൃഷ്ണന്‍ വാദിച്ചു.
2020ല്‍ കോവിഡ് ബാധിച്ച പത്തൊന്‍പതുകാരിയെ ചികിത്സാകേന്ദ്രത്തി ലേക്ക് കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു ആംബുലന്‍സില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഐപിസി 366, 376, 354 എന്നീ വകുപ്പുകള്‍ പ്രകാരവും എസ്‌ടി/എസ്‌ടി പിഒഎ ആക്‌ട് 5എ വകുപ്പ് പ്രകാരവുമാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്.
2020 സെപ്റ്റംബര്‍ 5ന്, കോവിഡ് കാലത്താണ് കേരളത്തെ നടുക്കിയ സംഭവം നടന്നത്. പന്തളം സ്വദേശിയായ യുവതിയെ അടൂരിലെ ആശുപത്രിയില്‍നിന്ന് പന്തളം അര്‍ച്ചന ആശുപത്രിയിലെ കോവിഡ് സെൻ്ററിലേക്ക് കൊണ്ടു പോകും വഴി ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് കൊണ്ടു പോയി ആംബുലന്‍സില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.
വീട്ടില്‍ എല്ലാവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ അടൂർ വടക്കടത്തുകാവിലുള്ള ബന്ധുവീട്ടിലേക്ക് പെണ്‍കുട്ടി മാറിയിരുന്നു. അവിടെ വച്ച് കോവിഡ് സ്ഥിരീകരിച്ചതോടെ പെൺകുട്ടിയെ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് അധികൃതർ 108 ആംബുലന്‍സ് ഏര്‍പ്പെടുത്തി. 108 ആംബുലന്‍സില്‍ കരാര്‍ ജീവനക്കാരെയാണ് നിയോഗിക്കുന്നത്. ഒരു ആംബുലന്‍സില്‍ ഡ്രൈവറും ഒരു ആരോഗ്യ പ്രവര്‍ത്തകനോ വോളൻ്റിയറോ ഉണ്ടാകും. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പന്തളം അര്‍ച്ചന ആശുപത്രിയിലെ കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററിലേക്കും 42 വയസുള്ള മറ്റൊരു സ്ത്രീയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കും മാറ്റാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. ഇതനുസരിച്ചു ഇരുവരെയും നേരത്തേവന്ന ആംബുലന്‍സില്‍തന്നെ അയയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. യാത്ര പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് ആംബുലന്‍സില്‍ ഇന്ധനമില്ലെന്ന് ഡ്രൈവര്‍ക്ക് മനസിലായത്. അയാള്‍ തന്നെയാണ് നൗഫല്‍ ഓടിക്കുന്ന ആംബുലന്‍സ് വിളിച്ചു വരുത്തി രോഗികളെ അതില്‍ കയറ്റി വിട്ടത്. ഇതില്‍ ഒരു വോളൻ്റിയര്‍ കൂടി ഉണ്ടാകുമെന്നാണ് ആദ്യത്തെ ആംബുലന്‍സിൻ്റെ ഡ്രൈവര്‍ കരുതിയത്. വോളൻ്റിയര്‍ ഇല്ലെന്ന വിവരം അദ്ദേഹം അറിഞ്ഞിരുന്നില്ല. ആംബുലന്‍സ് മാറിയാണ് രോഗികള്‍ പോയതെന്ന വിവരം ആശുപത്രിയിലെ ആരോഗ്യ വകുപ്പ് അധികൃതരും അറിഞ്ഞില്ല.പന്തളത്തെ അര്‍ച്ചന ആശുപത്രിയില്‍ പെണ്‍കുട്ടിയെ ഇറക്കിയ ശേഷം കോഴഞ്ചേരിയിലെ ജില്ലാശുപത്രിയിലേക്ക് ഒപ്പമുള്ള സ്ത്രീയെ കൊണ്ടു പോകാനാണ് അധികൃതർ നൽകിയ നിര്‍ദേശം. എന്നാല്‍ നൗഫല്‍ ആദ്യം കോഴഞ്ചേരി ജില്ലാശുപത്രിയിലേക്കാണ് രോഗിയുമായി പോയത്.
ഒപ്പമുളള സ്ത്രീയെ കോഴഞ്ചേരിയില്‍ ഇറക്കിയ ശേഷം തിരികെ വരുമ്പോള്‍ വിജനമായ സ്ഥലത്ത് ആംബുലന്‍സ് നിര്‍ത്തിയ ശേഷം പത്തൊമ്പതുകാരിയെ അതിക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു. അവശനിലയിലായ യുവതിയെ ആശുപത്രിക്ക് മുന്നില്‍ ഇറക്കി വിട്ട ശേഷം ഇയാൾ ആംബുലൻസുമായി അടൂരിലേക്ക് പോവുകയായിരുന്നു. തീർത്തും അവശയായെത്തിയ പെൺകുട്ടിയെ കണ്ട് അധികൃതര്‍ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്.
ആശുപത്രി അധികൃതര്‍ വിവരം അടൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് അടൂർ ജനറല്‍ ആശുപത്രി പരിസരത്തു എത്തുമ്പോൾ ആംബുലന്‍സുമായി നൗഫൽ അവിടെയുണ്ടായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. യുവതിയുമായി തനിക്ക് അടുത്തു പരിചയം ഉണ്ടെന്നാണ് ഇയാള്‍ പൊലീസിന് നൽകിയ മൊഴി.
അടൂര്‍ വടക്കടത്തുകാവില്‍നിന്ന് 42 വയസുള്ള വീട്ടമ്മയും പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുമായി രാത്രി 11.30 നാണ് ആംബുലന്‍സ് പുറപ്പെട്ടത്. പന്തളം വഴി ചെന്ന് പെണ്‍കുട്ടിയെ ഇറക്കിയ ശേഷം വീട്ടമ്മയുമായി കോഴഞ്ചേരിക്ക് പോവുക എന്നതായിരുന്നു എളുപ്പമാര്‍ഗം. എന്നാല്‍, നൗഫല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ തുമ്പമണ്‍ ഇലവുംതിട്ട വഴി കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്കാണ് ആദ്യം പോയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അവിടെനിന്ന് മടങ്ങുമ്പോള്‍ പുലര്‍ച്ചെ ഒരു മണിയായിരുന്നു. ആറന്മുളയിലെ ഉപേക്ഷിക്കപ്പെട്ട വിമാനത്താവള പദ്ധതി പ്രദേശത്തേക്ക് വാഹനം കയറ്റിയ ഇയാള്‍ ആംബുലൻസിൽ നിന്നിറങ്ങി ധരിച്ചിരുന്ന പിപിഇ കിറ്റ് ഊരി മാറ്റിയ ശേഷം ആംബുലൻസിൻ്റെ പിന്നിൽ കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി എതിർക്കുകയും നിലവിളിക്കുകയും ചെയ്തെങ്കിലും വിജനമായ സ്ഥലമായതിനാൽ നിലവിളി ആരും കേട്ടില്ല.
പെണ്‍കുട്ടി വിവരം ആരോടും പറയില്ലെന്നാണ് നൗഫല്‍ കരുതിയിരുന്നത്. കോവിഡ് സെൻ്ററിലേക്ക് പോകുന്ന വഴി നൗഫല്‍ പെണ്‍കുട്ടിയെ പരിചയപ്പെടുകയും ഫോണ്‍ നമ്പര്‍ വാങ്ങുകയും ചെയ്തിരുന്നു. പീഡനശേഷം ഇയാൾ പെണ്‍കുട്ടിയെ വിളിച്ച് മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയില്‍ എടുത്ത് പൊലീസ് ചോദ്യം ചെയ്തപ്പോൾ പെണ്‍കുട്ടി പറയുന്നത് മുഴുവന്‍ കളവാണെന്നും കുട്ടിക്ക് മാനസിക നില ശരിയല്ലെന്നുമാണ് നൗഫൽ പൊലീസിനോട് പറഞ്ഞത്. ഫോണില്‍ വിളിച്ചാണ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴി എടുത്തത്. നൗഫല്‍ മാപ്പപേക്ഷിക്കുന്നതിൻ്റെ ശബ്‌ദരേഖ തൻ്റെ കൈവശം ഉണ്ടെന്ന് പെണ്‍കുട്ടി പൊലീസിനെ അറിയിക്കുകയും ചെയ്യിരുന്നു.