കോവാക്സിൻ എടുത്തവരിലും ശ്വസന, ആർത്തവ സംബന്ധമായ പാർശ്വഫലങ്ങൾ
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിൻ എടുത്തവരിൽ ശ്വസനത്തകരാറടക്കമുള്ള പാർശ്വഫലങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. ഭാരത് ബയോടെക്സ് പുറത്തിറക്കിയ കോവാക്സിൻ കുത്തിച്ച മൂന്നിൽ ഒരാൾക്ക് എന്ന നിലയിലാണ് പാർശ്വഫലങ്ങൾ കണ്ടെത്തിയത്. ബനാറസ് ബിന്ദു സർവകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ജർമനി ആസ്ഥാനമായുള്ള സ്പ്രിംഗർ ഇങ്ക് എന്ന ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പഠനത്തിന്‍റെ ഭാഗമായി 926 പേരെ ഒരു വർഷമാണ് നിരീക്ഷിച്ച് ആരോഗ്യവിവരങ്ങൾ ശേഖരിച്ചത്. ഇവരിൽ 50 പേർക്കും അണുബാധയുണ്ടായതായി കണ്ടെത്തി. ശ്വാസകോശാണുബാധ, ഹൃദയാഘാതം, ഞരമ്പിനെ ബാധിക്കുന്ന രോഗങ്ങൾ, ചർമരോഗം, ആർത്തവസംബന്ധമായ തകരാറുകൾ, ഹൈപോതൈറോയ്ഡിസം, പക്ഷാഘാതം എന്നിവയും കണ്ടെത്തിയിട്ടുണ്ട്. അനുബന്ധ രോഗങ്ങൾ ഉള്ളവരിലാണ് പാർശ്വഫലങ്ങൾ കൂടുതലായി കാണപ്പെട്ടത്.
അടുത്തിടെ കോവിഷീൽഡ് വാക്സിന്‍റെ പാർശ്വഫലങ്ങളെക്കുറിച്ച് വാക്സിൻ നിർമിച്ച ആസ്ട്രനക്ക വെളിപ്പെടുത്തിയിരുന്നു. അതിനു പിന്നാലെ വാക്സിൻ ആഗോളതലത്തിൽ പിൻവലിച്ചു. അതിനു പുറകേയാണ് കോവാക്സിനും പാർശ്വനഫലങ്ങളുള്ളതായി കണ്ടെത്തിയിരിക്കുന്നത്