VGN ജ്വല്ലറി ഉടമ ,വിജിനായർക്കും ഭാര്യയ്ക്കും ജാമ്യം

മുംബൈ : 620 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ തടവിൽ കഴിയുന്ന VGN ജ്വല്ലറി ഉടമകൾക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിജി നായർക്കും(80 ) ഭാര്യ വത്സല(76 ) നായർക്കുമാണ് ബോംബെ ഹൈക്കോടതി തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്. മൂന്നുവർഷത്തിലധികമായി ജാമ്യം ലഭിക്കാതെ, പാർക്കിൻസൺസ് രോഗം ബാധിച്ച് അവശതയനുഭവിക്കുന്ന വിജി നായരുടെ ആരോഗ്യസ്ഥിതി പ്രത്യേകം പരിഗണിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഗോപാലൻ നായരും ഭാര്യ വത്സലയും വിവിധ നിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ച് വിജിഎൻ ജ്വല്ലേഴ്‌സ് ആൻഡ് ചിറ്റ് ആൻഡ് ഫിനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ സ്വർണ്ണാഭരണങ്ങളോ പണമോ വാഗ്ദാനം ചെയ്ത് നിക്ഷേപകരെ വശീകരിച്ച് വൻ തുകയുടെ തട്ടിപ്പ് നടത്തി എന്ന കുറ്റമാണ് രജിസ്റ്റർചെയ്യപ്പെട്ടിരിക്കുന്നത്.വിജിഎൻ ജ്വല്ലേഴ്‌സിന്റെയും അനുബന്ധ ധനകാര്യ സ്ഥാപനങ്ങളുടെയും മാനേജിംഗ് ഡയറക്ടർമാരായിരുന്ന നായരും വൽസലയും ആയിരക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ചുവെന്നാരോപിച്ച് 2021 ൽ താനെ ജില്ലയിലെ കോൾസെവാഡി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റിലായത്.
പ്രതികൾ ഗണ്യമായ ഒരു കാലയളവ് ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് മിലിന്ദ് എൻ ജാദവ് നിരീക്ഷിച്ചു. നായർ മൂന്ന് വർഷത്തിലേറെ ജയിലിൽ കഴിഞ്ഞപ്പോൾ, വൽസല ഏകദേശം മൂന്ന് വർഷത്തോളം ജയിലിൽ കിടന്നിട്ടുണ്ട് .
പരാതിക്കാരനും മറ്റ് നിക്ഷേപകരും കഷ്ടപ്പെട്ട് സമ്പാദിച്ച പണം നിക്ഷേപിച്ചതായും 2006 മുതൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത് വരെ വഞ്ചിക്കപ്പെട്ടതായും കാണിച്ച് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സുകാന്ത കർമാകർ ജാമ്യാപേക്ഷകളെ എതിർത്തു.32,640 നിക്ഷേപകരെ ഇത് ബാധിച്ചെന്ന് താനെ പോലീസ് പറഞ്ഞു. അവരിൽ പലരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ പെട്ടവരാണ്. 66 കിലോ സ്വർണം 25 കോടി രൂപയ്ക്ക് പണയം വച്ചതിനും പിന്നീട് ഫണ്ട് വ്യക്തിഗത ഉപയോഗത്തിനായി വകമാറ്റിയതിനും ദമ്പതികൾക്കെതിരെ പബ്ളിക് പ്രോസിക്യൂട്ടർ വാദിച്ചു.
ഒരു ഫോറൻസിക് ഓഡിറ്റിൽ സാമ്പത്തിക ദുർവിനിയോഗവും നിക്ഷേപകരുടെ പണം വകമാറ്റലും കണ്ടെത്തിയിട്ടുണ്ടെന്നും വാദമുണ്ടായി.
മൂന്ന് പതിറ്റാണ്ടുകളായി വിജിഎൻ ജ്വല്ലേഴ്‌സ് നിയമാനുസൃതമായി പ്രവർത്തിക്കുന്നുണ്ടെന്ന് വിജിഎൻ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് യെൻഡെ വാദിച്ചു. കോവിഡ് -19 പാൻഡെമിക് മൂലം നിക്ഷേപകരുടെ പണ൦ പിൻവലിക്കലിൽ വലിയ വർധനവുണ്ടായതായും ഇത് വിജിഎൻ കുടുംബം നേരിടുന്ന ബുദ്ധിമുട്ടുകൾ വർദ്ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ജാമ്യ വ്യവസ്ഥകൾ പ്രകാരം, പ്രതികൾ 50,000 രൂപ ബോണ്ട് കെട്ടിവയ്ക്കണം, മൂന്ന് മാസത്തേക്ക് എല്ലാ മാസവും അന്വേഷണ ഉദ്യോഗസ്ഥന് റിപ്പോർട്ട് ചെയ്യണം, സാക്ഷികളെ സ്വാധീനിക്കരുത്. കോടതി അനുമതിയില്ലാതെ മഹാരാഷ്ട്ര വിട്ടുപോകുന്നതിൽ നിന്നും പ്രതികളെ വിലക്കി. പ്രായം, ആരോഗ്യപരമായ അസുഖങ്ങൾ, വിചാരണ ഉടൻ ആരംഭിക്കാൻ സാധ്യതയില്ലാത്തത് എന്നിവ കണക്കിലെടുത്താണ് കോടതി വിജിഎൻ കുടുംബത്തിന് അനുകൂലമായി ജാമ്യം അനുവദിച്ചു വിധി പ്രഖ്യാപിച്ചത്.