എരുമേലിയിലെ വാപുര ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതി; സംഘടനയ്ക്ക് ബന്ധമില്ലെന്ന് VHP

എറണാകുളം:എരുമേലിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ക്ഷേത്ര നിർമ്മാണം തടഞ്ഞ് ഹൈക്കോടതിയുടെ ഉത്തരവ്. തിങ്കളാഴ്ച വാപുര സ്വാമിയുടെ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കാൻ ഇരിക്കെ ആണ് ഹൈക്കോടതി നടപടി.വാപുര സ്വാമി ക്ഷേത്രത്തിൻ്റെ നിർമാണമാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് തടഞ്ഞത്.
എരുമേലി ഗ്രാമ പഞ്ചായത്തിന് നിർദ്ദേശത്തെ തുടർന്നാണ് നിർമാണം തടഞ്ഞത്.നടപടി എടുക്കുന്നതിന്‍റെ ഭാഗമായി ഗ്രാമ പഞ്ചായത്തധികൃതർക്ക് സംരക്ഷണം നൽകാൻ എരുമേലി പൊലീസിനും കോടതി നിർദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം ഗൗരീശപട്ടം സ്വദേശി ജോഷിയുടെ ഉടമസ്ഥയിലുള്ള ഭൂമിയിലാണ് വാപുര സ്വാമി ക്ഷേത്രത്തിൻ്റെ നിർമ്മാണം നടക്കുന്നത്. എന്നാൽ കേരള പഞ്ചായത്ത് രാജ് നിയമം അനുസരിച്ച്, കെട്ടിട നിർമ്മാണത്തിന് മതിയായ അനുമതി വാങ്ങിയിട്ടില്ലെന്ന് എരുമേലി പഞ്ചായത്ത് ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് ക്ഷേത്ര നിർമാണം ഹൈക്കോടതി ദേവസ്വം ബെഞ്ച് തടഞ്ഞത്.
നോർത്ത് പറവൂർ സ്വദേശി കെ.കെ.പദ്മനാഭൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, എസ് മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ചിൻ്റെ ഇടക്കാല ഉത്തരവ്. ക്ഷേത്ര നിർമ്മാണവുമായി ബന്ധമില്ലെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഹൈക്കോടതിയിൽ വിശദീകരിച്ചു. ഹർജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.