ഓണം എത്തി മക്കളെ, ഇനി മണികിലുക്കി കൗൺസിലർ വീടുകളിലെത്തും;ഓണപ്പൊട്ടന്റെ പതിവുകളിൽ ഇക്കുറിയും മാറ്റമില്ല
ഓണക്കാലമായാല്‍ വടക്കേ മലബാറിലെ ഗ്രാമങ്ങളില്‍ മാത്രം കാണുന്നൊരു കാഴ്ചയുണ്ട്. മണിയും കിലുക്കി പ്രത്യേക വേഷവിധാനങ്ങളോടെ ചായംപൂശിയ നീണ്ട താടിയും കുരുത്തോല കൊണ്ട് അലങ്കരിച്ച ഓലക്കുടയുമായി ഓടിപ്പാഞ്ഞ് വരുന്നൊരു രൂപം. അതാണ് ഓണപ്പൊട്ടന്‍. ഓണനാളുകളില്‍ ഗ്രാമങ്ങളിലെ വീടുകള്‍തോറും കയറി അനുഗ്രഹം ചൊരിയുന്ന ഓണപ്പൊട്ടന്‍ മാവേലി തന്നെയാണെന്നാണ് വിശ്വാസം.
ഓരോ വര്‍ഷവും ഓണമാകുമ്പോള്‍ ഇങ്ങനെ ഓണപ്പൊട്ടനായി വീടുകളിലെത്തുന്നയാളാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി മന്ദമംഗലം സ്വദേശിയായ കെ.ടി. സുമേഷ്. കൊയിലാണ്ടി നഗരസഭയിലെ 44-ാം വാര്‍ഡായ കണിയാംകുന്നിന്റെ കൗണ്‍സിലര്‍ കൂടിയാണ് സുമേഷ്. തെയ്യം കലാകാരന്‍ കൂടിയായ സുമേഷ് മാതൃഭൂമി ഡോട് കോമിനോട് സംസാരിക്കുന്നു.
ആറ് വര്‍ഷം മുമ്പാണ് ഞാന്‍ ആദ്യമായി ഓണപ്പൊട്ടനായി വീടുകള്‍ കയറിത്തുടങ്ങിയത്. പല വീട്ടുകാര്‍ക്കും ഓണപ്പൊട്ടന്റെ ഐതിഹ്യത്തെ പറ്റിയും ചടങ്ങുകളെ പറ്റിയുമൊന്നും അറിയില്ലായിരുന്നു. പറഞ്ഞു തന്നാല്‍ അടുത്ത വര്‍ഷം മുതല്‍ അതുപോലെ ചെയ്യാമെന്ന് അവര്‍ പറഞ്ഞു. ഓണപ്പൊട്ടന്റെ വേഷം കെട്ടിയാല്‍ പിന്നെ സംസാരിക്കാന്‍ പാടില്ല എന്നാണ്. അതിനാല്‍ ഒരാള്‍ ഒപ്പമുണ്ടാകും. അയാളാണ് വീട്ടുകാര്‍ക്ക് എല്ലാം പറഞ്ഞുകൊടുത്തത്. വീട്ടുകാര്‍ക്ക് അതെല്ലാം പുതിയ അറിവായിരുന്നു.
പിന്നീടുള്ള വര്‍ഷങ്ങളില്‍ ഓണപ്പൊട്ടന്റെ വരവറിയിക്കുന്ന മണിയൊച്ച കേള്‍ക്കുമ്പോഴേക്ക് തന്നെ അവര്‍ ഇലയില്‍ നാഴി അരിയും കത്തുന്ന നിലവിളക്കുമെല്ലാം ഒരുക്കി കാത്തിരിക്കും. അരി തൊക്കാമ്പിലേക്ക് (തോള്‍സഞ്ചി) എടുത്തശേഷം തെച്ചിപ്പൂവും തുളസിയും അരിയുമെടുത്ത് ചാര്‍ത്തിക്കൊണ്ട് വീടിനേയും വീട്ടുകാരേയും ഓണപ്പൊട്ടന്‍ അനുഗ്രഹിക്കും. വരാനിരിക്കുന്ന വര്‍ഷം എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടേയെന്നാണ് ഓണപ്പൊട്ടന്റെ അനുഗ്രഹം. ഇതിനുശേഷം ഓണപ്പൊട്ടന്‍ അടുത്ത വീട്ടിലേക്ക് പോകും.
ഏതെല്ലാം ദിവസങ്ങള്‍, എത്ര വീടുകള്‍
ചിങ്ങമാസത്തിലെ അത്തം നാളില്‍ ഓണക്കാലം പിറന്നുകഴിഞ്ഞ് ഒമ്പതാം നാളായ ഉത്രാടത്തിന്റെ അന്നും പത്താം നാളായ തിരുവോണദിനത്തിലുമാണ് ഓണപ്പൊട്ടന്‍ വീടുകളിലേക്ക് എത്തുക. ആ ദിവസങ്ങളില്‍ പുലര്‍ച്ചെ അഞ്ചരയോടെ തന്നെ ഞാന്‍ വീട്ടില്‍ നിന്നിറങ്ങും. ഉച്ചയ്ക്ക് തിരികെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് വീണ്ടും വീടുകളിലേക്ക് പോകും. പരമാവധി വീടുകള്‍ സന്ദര്‍ശിച്ച് വൈകീട്ട് അഞ്ചരയോടെയാണ് തിരികെയെത്തുക.
എത്ര വീടുകളില്‍ പോകാന്‍ സാധിക്കുമെന്ന് പറയാന്‍ കഴിയില്ല. ഓരോ ദിവസവും ഓരോ മേഖലയിലെ വീടുകളിലേക്കാണ് പോകുക. കൊയിലാണ്ടി നഗരസഭാപരിധിയില്‍ ഉള്‍പ്പെടുന്ന മന്ദമംഗലം, സില്‍ക്ക് ബസാര്‍, കണിയാംകുന്ന്, പിന്നെ പ്രശസ്തമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ പരിസരപ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലെ വീടുകളിലാണ് പോകാറുള്ളത്.
ഓണപ്പൊട്ടനാകാനുള്ള ഒരുക്കങ്ങള്‍
ഓണപ്പൊട്ടനായി ഒരുങ്ങുന്നതിന് പ്രത്യേക വേഷവും ചായവുമെല്ലാം വേണം. എന്റെ ജ്യേഷ്ഠന്‍ സജിത്തും സഹോദരീഭര്‍ത്താവ് ബിജുവുമാണ് ഓണപ്പൊട്ടനാവാൻ എന്നെ സഹായിക്കുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകള്‍ ഒരുമാസം മുമ്പേ തന്നെ തുടങ്ങും. മത്സ്യവും മാംസവുമെല്ലാം ഒഴിവാക്കുന്നത് ഉള്‍പ്പെടെയുള്ള ചിട്ടകൾ പാലിച്ചുകൊണ്ടുള്ള വ്രതത്തിന് ശേഷമാണ് ഓണപ്പൊട്ടനാകുക.
ചുവപ്പ്, കാണി, മല്ല് മുണ്ട്, ചാമര, തണ്ട, ചീപ്പ്, കാക്കുട എന്നിങ്ങനെ ഒരുപാട് സാധനങ്ങള്‍ വേണം ഓണപ്പൊട്ടന്. ഇതില്‍ ചിലത് മുമ്പ് ഉപയോഗിച്ചത് തന്നെ പുതുക്കിയെടുക്കും. ചിലത് പുതുതായി ഉണ്ടാക്കിയെടുക്കേണ്ടിവരും.
സുമേഷും അച്ഛൻ പത്മനാഭനും ഓണപ്പൊട്ടന്റെ വേഷത്തിൽ | ഫോട്ടോ: റോബിൻ.ബി.ആർ.
ഓരോ വര്‍ഷവും വേഷമണിയാന്‍ വാഴപ്പോളകൊണ്ടാണ് ചാമരവും താടിയുമുണ്ടാക്കുക. പനയോല കൊണ്ടാണ് കാക്കുട. നൂലുപയോഗിച്ച് തണ്ടയും ഉണ്ടാക്കും. ചായില്യം, മഞ്ഞള്‍, അരിച്ചാന്ത് എന്നിവ ഉപയോഗിച്ചാണ് മുഖത്തും ദേഹത്തും ചായമിടുക. കാക്കുട കുരുത്തോല കൊണ്ട് നന്നായി അലങ്കരിക്കും. ചാമരം തലയില്‍ വെച്ച് കഴിഞ്ഞാല്‍ പിന്നെ ഓണപ്പൊട്ടന്‍ സംസാരിക്കില്ല. അത് അഴിച്ചാല്‍ മാത്രമേ പിന്നെ എന്തെങ്കിലും മിണ്ടാന്‍ പാടുള്ളൂ.
വേഷം മാറിയ ശേഷം ഒരു മുണ്ട് തൊക്കാമ്പ് (ദക്ഷിണ സ്വീകരിക്കാനുള്ള തോള്‍സഞ്ചി) രൂപത്തിലാക്കി തോളിലിടും. അതിനുശേഷം കാക്കുടയും പൂശാണിയും (കിലുക്കാനുള്ള മണി) എടുത്ത് ഇറങ്ങും. ആദ്യം സ്വന്തം വീട്ടില്‍നിന്ന് അരിയും ദക്ഷിണയും സ്വീകരിച്ച ശേഷം വീട്ടിലുള്ളവരെ അനുഗ്രഹിക്കും. ഇതിനുശേഷമാണ് മറ്റുള്ള വീടുകളില്‍ കയറുക. വീടിന്റെ മുന്നിലെത്തിയാലും ഓണപ്പൊട്ടന്‍ അനങ്ങാതെ നില്‍ക്കില്ല. നടന്നുകൊണ്ടിരിക്കും.
കൗണ്‍സിലര്‍ ഓണപ്പൊട്ടനായെത്തുമ്പോള്‍…
ജനപ്രതിനിധി എന്നനിലയില്‍ ഞാന്‍ എന്നാല്‍ കഴിയും വിധം എല്ലാ സ്ഥലത്തും എത്താനും ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയാനുമെല്ലാമായി നേരിട്ട് തന്നെ വീടുകള്‍ കയറാറുണ്ട്. പ്രായമായവര്‍ക്ക് മാത്രമല്ല, അല്ലാത്തവര്‍ക്കും നഗരസഭയിലെ കാര്യങ്ങള്‍ അവര്‍ അവിടെ പോകാതെ തന്നെ ശരിയാക്കി കൊടുക്കാറുണ്ട്.
അത്തരത്തില്‍ പൊതുപ്രവര്‍ത്തനം നടത്തുന്ന എനിക്ക് ഓണപ്പൊട്ടനായി വീടുകളില്‍ പോയി മനസ്സറിഞ്ഞ് അവരെ അനുഗ്രഹിക്കാന്‍ കഴിയുന്നത് ഒരു നിയോഗമാണ്. ഓണത്തിന്റെ നല്ലനാളുകളില്‍ എല്ലാ വീടുകളും കയറാനും ആ വീട്ടുകാരെ ഓണപ്പൊട്ടനെന്ന നിലയില്‍ അനുഗ്രഹിക്കാനും അവരോടൊപ്പം സന്തോഷം പങ്കിടാനും കഴിയുന്നത് വലിയൊരു അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്.
തങ്ങളുടെ വാര്‍ഡ് കൗണ്‍സിലറാണ് ഓണപ്പൊട്ടനായി വന്നിരിക്കുന്നതെന്ന് ഞാന്‍ ഓണപ്പൊട്ടനായി ഇറങ്ങിയ ആദ്യവര്‍ഷം ആര്‍ക്കും മനസിലായിരുന്നില്ല. ‘ഇത് നമ്മുടെ കൗണ്‍സിലറാ’ എന്ന് കൂടെയുള്ളയാള്‍ പറഞ്ഞുകൊടുത്തപ്പോഴാണ് മനസിലായത്. ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം, അവരുടെ കൗണ്‍സിലറാണ് ഓണപ്പൊട്ടനായി എത്തുന്നതെന്ന്.
ചില അനുഭവങ്ങള്‍
ഓണപ്പൊട്ടനായി നാടുചുറ്റുന്നതിനിടെ രസകരമായ പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. നേരത്തേ പറഞ്ഞല്ലോ, കൗണ്‍സിലറാണ് ഈ വരുന്നതെന്ന് പലര്‍ക്കും മനസിലായില്ലെന്ന്. അങ്ങനെയുള്ള ചില വീട്ടുകാര്‍ ചെറിയ തുകയാണ് ദക്ഷിണയായി തന്നത്. ഞാനാണ് ഓണപ്പൊട്ടനായി വന്നത് എന്ന് പിന്നീട് അറിഞ്ഞപ്പോള്‍ അവര്‍ ഓടിവന്ന് ‘നീയാണ് വന്നതെന്ന് അറിഞ്ഞിരുന്നില്ല’ എന്നൊക്കെ പറഞ്ഞ് വലിയ തുക ദക്ഷിണയായി തന്നു. അത് സാരമില്ല, വേണ്ട എന്നൊക്കെ പലതവണ പറഞ്ഞിട്ടും നിര്‍ബന്ധിച്ച് ആ തുക എന്റെ കയ്യില്‍ പിടിപ്പിച്ചു. അതുപോലെ പാവപ്പെട്ട വീടുകളില്‍നിന്ന് തരുന്ന ദക്ഷിണ സ്വീകരിച്ച ശേഷം അവര്‍ക്കുതന്നെ തിരികെ നല്‍കാറുമുണ്ട്.
പണ്ട് മുസ്‌ലിം മതിവിശ്വാസികളുടെ വീടുകളിൽ ഓണപ്പൊട്ടന്‍ കയറാറുണ്ടായിരുന്നില്ല. അങ്ങനെ കയറാതെ പോയപ്പോള്‍ ചില വീട്ടുകാര്‍ വന്ന് ‘അതെന്താ ഞങ്ങളുടെ വീട്ടില്‍ വരാത്തത്’ എന്ന് എന്നോട് പരിഭവം പറഞ്ഞു. അവരുടെ പരിഭവം മാറ്റാനായി ‘നാളെ വരാം’ എന്ന് ഉറപ്പുനല്‍കുകയും പിറ്റേന്ന് ആ വീടുകളില്‍ പോകുകയും ചെയ്തു. സ്വീകരിക്കാന്‍ നിലവിളക്കും മറ്റും ഉണ്ടാകില്ലെങ്കിലും ഓണപ്പൊട്ടന്‍ അവരുടെ വീട്ടിലും പോയി അനുഗ്രഹിക്കുന്നത് പിന്നീട് പതിവായി. അവര്‍ക്കത് വലിയ സന്തോഷമാണ്.
എന്നെ കുറിച്ച്
വീട് കൊയിലാണ്ടി മന്ദമംഗലമെന്ന സ്ഥലത്താണ്. പച്ചക്കറി കച്ചവടമായിരുന്നു ജോലി. കൗണ്‍സിലറായ ശേഷം അത് നിര്‍ത്തി മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനായി. കട വീണ്ടും തുടങ്ങാനുള്ള ആലോചനയുണ്ട്.
ക്ഷേത്രങ്ങളില്‍ തെയ്യം കെട്ടാനും ചെണ്ട കൊട്ടാനുമൊക്കെ പോകാറുണ്ട്. അച്ഛന്‍ പത്മനാഭനും ഓണപ്പൊട്ടനായി പോകാറുണ്ട്.
ഈ വര്‍ഷത്തെ ഓണം പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. ജനപ്രതിനിധിയെന്ന നിലയിൽ തന്റെ നാട്ടുകാർക്കായി ഓടിനടക്കുന്ന സുമേഷ്, ഇക്കുറിയും ഓണപ്പൊട്ടനായി വീടുകളിലേക്ക് ഇറങ്ങും. അതിനായുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹമിപ്പോൾ…
********
ഓണപ്പൊട്ടന്റെ ഐതിഹ്യം
മലയസമുദായത്തില്‍പെട്ടവരാണ് ഓണപ്പൊട്ടനായി വേഷമിട്ട് വീടുകള്‍ കയറുക. ഓണപ്പൊട്ടനാകാനുള്ള അവകാശം രാജാക്കന്മാര്‍ മലയസമുദായത്തിന് നല്‍കിയതാണത്രെ. ഓണേശ്വരന്‍, ഓണദേവന്‍ എന്നീ പേരുകളിലും അറിയപ്പെടുന്ന ഓണപ്പൊട്ടന്‍, ചിങ്ങമാസത്തിലെ ഉത്രാടം തിരുവോണം നാളുകളിലാണ് ഗൃഹസന്ദര്‍ശനത്തിനായി എത്തുക.
സംസാരിക്കാത്തതിനാലാണ് ഓണപ്പൊട്ടന്‍ എന്ന പേര് വന്നത്. ആംഗ്യഭാഷയിലാണ് ഓണപ്പൊട്ടന്റെ ആശയവിനിമയം. ഒപ്പം മണി കിലുക്കുകയും ചെയ്യും. കാല് നിലത്തുറപ്പിക്കാതെ അതിവേഗത്തില്‍ നടന്നും ഓടിയുമാണ് ഓണപ്പൊട്ടന്റെ ഊരുചുറ്റല്‍. വേഗത്തിലുള്ള ഓട്ടത്തിനിടെ താളം ചവിട്ടലും നൃത്തച്ചുവടുമെല്ലാമുണ്ടാകും. നാട്ടിലെ കുട്ടികളും ഓണപ്പൊട്ടനെ അനുഗമിക്കും.
ദൂരെ നിന്നേ മണികിലുക്കത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഓരോ വീടുകളിലുമുള്ളവര്‍ ഓണപ്പൊട്ടനെ സ്വീകരിക്കാന്‍ തയ്യാറാകും. നിറപറയും നിലവിളക്കുമൊരുക്കിയാണ് സ്വീകരണം. വീട്ടുകാരെ അനുഗ്രഹിക്കുന്ന ഓണപ്പൊട്ടന് വീട്ടുകാര്‍ ദക്ഷിണയും ഓണക്കോടിയും സമ്മാനങ്ങളുമെല്ലാം നല്‍കും. ചിലര്‍ ഓണപ്പൊട്ടനും ഒപ്പമുള്ളവര്‍ക്കും ഭക്ഷണവും നല്‍കും.
ഓണപ്പൊട്ടന്‍ സംസാരിക്കാത്തതിന് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. നമുക്കറിയുന്നത് പോലെ വാമനാവതാരം പൂണ്ട മഹാവിഷ്ണുവാണ് മഹാബലി രാജാവിനെ ശിരസില്‍ ചവിട്ടി പാതാളത്തിലേക്ക് പറഞ്ഞയച്ചത്. ഇതിന് തൊട്ടുമുമ്പായി വാമനന്‍ മഹാബലിയോട് എന്തെങ്കിലും ആഗ്രഹം ഉണ്ടോ എന്ന് ചോദിച്ചുവത്രെ. എല്ലാ വര്‍ഷവും തന്റെ പ്രജകളെ കാണാനുള്ള അനുവാദിക്കണമെന്നായിരുന്നു മഹാബലി വാമനാവതാരം പൂണ്ട മഹാവിഷ്ണുവിനോട് പറഞ്ഞ ആഗ്രഹം. ഇത് സമ്മതിച്ച വാമനന്‍ പക്ഷേ ഒരു നിബന്ധന വെച്ചു. വീടുകളിലെത്തി പ്രജകളെ കാണാന്‍ മാത്രമേ അനുവാദമുള്ളൂ, അവരോട് ഒരുവാക്ക് പോലും ഉച്ചരിക്കാന്‍ പാടില്ല എന്നായിരുന്നുവത്രെ അത്. അതുകൊണ്ടാണ് ഓണപ്പൊട്ടന്‍ ഒന്നും മിണ്ടാത്തത്.
കോഴിക്കോട് ജില്ലയുടെ വടക്കുള്ള നാദാപുരത്തെ പരപ്പന ക്ഷേത്രത്തില്‍ ഓണപ്പൊട്ടനാണ് പ്രതിഷ്ഠ. ഈ ക്ഷേത്രത്തില്‍ ഓണപ്പൊട്ടന്‍ തെയ്യവും അരങ്ങേറാറുണ്ട്.