മതപരിവര്‍ത്തനം :പഞ്ചാബിൽ ഒന്നര വര്‍ഷത്തിനിടെ മതം മാറിയത് മൂന്നര ലക്ഷം പേര്‍

0

 

അമൃത്‌സര്‍: പഞ്ചാബിൽ സിഖ് മതത്തില്‍പ്പെട്ടവര്‍ വന്‍തോതില്‍ ക്രിസ്‌തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ സംസ്ഥാനത്ത് 3.5 ലക്ഷം പേര്‍ ക്രിസ്‌തു മതം സ്വീകരിച്ചെന്ന് ഇക്കാര്യത്തില്‍ ഗവേഷണം നടത്തിയ ഡോ. രണ്‍ബീര്‍ പറയുന്നു. ഇതൊരു ഗൗരവമുള്ള വിഷയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.സംസ്ഥാനത്തെ മൊത്തം മതപരിവര്‍ത്തനത്തിന്‍റെ കണക്കാണിത്. മതം മാറിയവരിലേറെയും സിക്കുകാരണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗുരുദാസ്‌പൂരിലാണ് ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടന്നത്. രണ്ടാം സ്ഥാനത്ത് തരണ്‍ തരണ്‍ ജില്ലയുമുണ്ട്. മറ്റ് ജില്ലകളിലും മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് രണ്‍ബീര്‍ പറയുന്നു.

അതേസമയം സര്‍ക്കാരിന്‍റെ കണക്കുകളും തന്‍റെ കണക്കുകളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും രണ്‍ബീര്‍ ചൂണ്ടിക്കാട്ടി. തങ്ങള്‍ ഒരു സംഘം രൂപീകരിച്ച് പഞ്ചാബിലെ 12000 ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് നടത്തിയ സര്‍വേയിലൂടെയാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍ തയാറാക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2011ല്‍ കേവലം രണ്ട് ശതമാനം മാത്രമായിരുന്നു പഞ്ചാബിലെ ക്രൈസ്‌തവ ജനതയുടെ എണ്ണം. ഇപ്പോഴിത് പതിനഞ്ച് ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു. പാവപ്പെട്ടവരും പിന്നാക്കക്കാരുമാണ് ക്രിസ്‌തുമതത്തിലേക്ക് ചേക്കേറിയവരിലേറെയുമെന്നും രണ്‍ബീര്‍ വ്യക്‌തമാക്കി.സിഖ് മതത്തിന്‍റെ ഏറ്റവും ഉയര്‍ന്ന ഘടകമായ ശിരോമണി ഗുരുദ്വാര പ്രബന്ധക് സമിതിയെയാണ് രൺബീർ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തുന്നത്. അവര്‍ തങ്ങളുടെ കടമകള്‍ കൃത്യമായി ചെയ്യാത്തതാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്‌തുമതത്തിലേക്ക് ചേക്കേറിയവര്‍ തങ്ങളുടെ പേര് മാറ്റുകയോ തലപ്പാവ് മാറ്റുകയോ ചെയ്‌തിട്ടില്ല. അതുകൊണ്ടു തന്നെ ആരിലും സംശയങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നും രൺബീർ പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *