ഒന്നാമൻ സാൻ്റിയാഗോ മാർട്ടിൻ, സംഭാവന 1,368 കോടി രൂപ; ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത്..
ഇലക്ടറൽ ബോണ്ടുകളിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയവരെ വെളിപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. പ്രമുഖ ലോട്ടറി കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡാണ് പട്ടികയിൽ ഒന്നാമാതായി എത്തിയിരിക്കുന്നത്. ലോട്ടറി രാജാവെന്ന് അറിയപ്പെടുന്ന സാൻ്റിയാഗോ മാർട്ടിൻ്റെ(Santiago Martin) കമ്പനി 1,368 കോടി രൂപയാണ് ഇലക്ട്രൽ ബോണ്ടിലൂടെ സംഭാവന നൽകിയിരിക്കുന്നത്. സോജില ടണൽ പോലുള്ള സുപ്രധാന പ്രോജക്ടുകളിൽ പങ്കാളിത്തത്തിന് പേരുകേട്ട ഹൈദരാബാദ് ആസ്ഥാനമായുള്ള ഇൻഫ്രാസ്ട്രക്ചർ ഭീമനായ മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് (MEIL) ആണ് രണ്ടാമത്. കൃഷ്ണ റെഡ്ഡിയുടെ നേതൃത്വത്തിൽ MEIL 966 കോടി രൂപയുടെ സംഭാവനകൾ നൽകിയെന്നാണ് കണക്ക്.
എന്നാൽ ഇലക്ടറൽ ബോണ്ടുകൾ വഴി 410 കോടി രൂപ സംഭാവന ചെയ്ത ലോജിസ്റ്റിക് സ്ഥാപനമായ മുംബൈയിലെ ക്വിക്ക് സപ്ലൈ ചെയിൻ പ്രൈവറ്റ് ലിമിറ്റഡാണ് മൂന്നാം സ്ഥാനതെറ്റിയത്.യഥാക്രമം 400 കോടി രൂപയും 377 കോടി രൂപയും സംഭാവന നൽകിയ മൈനിംഗ് ഭീമൻ വേദാന്ത ലിമിറ്റഡും ആർപി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിൻ്റെ ഹാൽദിയ എനർജിയും ആദ്യത്തെ പത്ത് ദാതാക്കളിൽ ഉൾപ്പെടുന്നു.
2019 മുതൽ 2024 വരെയുള്ള ഇലക്ടറൽ ബോണ്ട് വിശദാംശങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്.ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഭാരതി എയർടെൽ ഗ്രൂപ്പും മറ്റൊരു ഖനന ഭീമനായ എസ്സൽ മൈനിംഗ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം ഉരുക്ക് വ്യവസായിയായ ലക്ഷ്മി നിവാസ് മിത്തൽ 35 കോടി രൂപ ഇലക്ടറൽ ബോണ്ടുകളിലേക്ക് സംഭാവന നൽകിയതായും പറയുന്നു.