ജമ്മുവിൽ തുടർച്ചയായി സ്‌ഫോടനനം: ജനവാസ മേഖലകൾ ലക്ഷ്യം വെച്ച് പാക് ഡ്രോണുകൾ

0

ന്യൂഡൽഹി:ജമ്മുകശ്‌മീരിൽ ഉള്‍പ്പെടെ പ്രകോപനം തുടർന്ന് പാകിസ്ഥാന്‍. അതിർത്തി പ്രദേശങ്ങളിൽ ഡ്രോൺ ആക്രമണവും ഷെല്ലിങും തുടരുകയാണ്. ജമ്മു വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണ ശ്രമം ഇന്ത്യന്‍ സേന പരാജയപ്പെടുത്തി. ഇന്ത്യയുടെ തന്ത്രപ്രധാനമായ ഇടങ്ങൾ ലക്ഷ്യമിട്ടാണ് പാക് ആക്രമണം.ബാരാമുള്ള, ശ്രീനഗർ, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്‌പൂർ, പത്താൻകോട്ട്, ഫാസിൽക്ക, ലാൽഗഡ് ജട്ട, ജയ്‌സാൽമർ, ബാർമർ, ഭുജ്, കുവാർബെറ്റ്, ലഖി നാല എന്നീ തന്ത്രപ്രധാന സ്ഥലങ്ങള്‍ ഉള്‍പ്പെടെയാണ് പാകിസ്ഥാൻ ലക്ഷ്യംവയ്‌ക്കുന്നത്. അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും ഡ്രോണ്‍ അവശിഷ്‌ടങ്ങള്‍ കണ്ടെത്തി.വടക്ക് ബാരാമുള്ള മുതൽ തെക്ക് ഭുജ് വരെയുള്ള 26 സ്ഥലങ്ങളിലാണ് അവശിഷ്‌ടങ്ങള്‍ കണ്ടെത്തിയത്. പാകിസ്ഥാൻ്റെ വ്യോമ ഭീഷണികളെ ഇന്ത്യ നിരീക്ഷിച്ചുവരികയാണ്. കൗണ്ടർ-ഡ്രോൺ സംവിധാനം ഉപയോഗിച്ചാണ് ഇന്ത്യ ഡ്രോണ്‍ ആക്രമണത്തെ പ്രതിരോധിക്കുന്നത്. അതിർത്തി പ്രദേശങ്ങളിലെ ആളുകള്‍ വീടിനുള്ളിൽ തന്നെ തുടരാനുള്ള കർശന നിർദേശമാണുള്ളത്. പരിഭ്രാന്തിയുടെ ആവശ്യമില്ലെങ്കിലും, ഉയർന്ന ജാഗ്രതയും മുൻകരുതലും അത്യാവശ്യമാണെന്നും നിർദേശം നൽകിയിട്ടുണ്ട്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഡൽഹി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള 138 വിമാന സർവീസുകൾ റദ്ദാക്കി. വിമാനത്താവളങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. പാകിസ്ഥാൻ്റെ വ്യോമപാത ഇന്ന് ഉച്ചയ്ക്ക് 12 മണി വരെ അടച്ചു. പെഷവാറിലേക്കുള്ള പാകിസ്ഥാൻ ഇൻ്റർനാഷണൽ എയർലൈൻസ് വിമാനം PIA218 ആണ് അവസാനമായി പറന്നത് എന്നാണ് റിപ്പോർട്ടുകള്‍.

വ്യോമപാത അടയ്‌ക്കാതെയുള്ള പാകിസ്ഥാൻ്റെ ആകാശ യുദ്ധത്തിൽ ഇന്ത്യ ആശങ്ക ആറിയിക്കുകയും കർശന താക്കീത് നൽകുകയും ചെയ്‌തിരുന്നു. സാധാരണക്കാരുടെ ജീവൻ വച്ചുള്ള ബാലിശമായ പാകിസ്ഥാൻ്റെ നടപടി അംഗീകരിക്കാനാകില്ലെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് വ്യോമ പാത അടച്ചു എന്ന വാർത്ത പുറത്തുവരുന്നത്. സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പാകിസ്ഥാൻ ഇൻ്റർനാഷണൽ വിമാനം അടിയന്തരമായി ലാൻഡിങ് നടത്തി.

പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. നൂർ ഖാൻ (റാവൽപിണ്ടി), മുരീദ് (ചക്‌വാൾ), റഫീഖി (ഷോർകോട്ട്) എന്നീ വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചു എന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിലും ലാഹോർ ഉൾപ്പെടെയുള്ള മറ്റ് പ്രധാന നഗരങ്ങളിലും സ്ഫോടനങ്ങൾ ഉണ്ടായതായി പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു.

അതിർത്തി കടന്നുള്ള പാകിസ്ഥാൻ ആക്രമണത്തിൽ പാക് അധീന കശ്‌മീരിലെ നീലം താഴ്‌വരയിലും സിയാൽകോട്ടിലും ഇന്ത്യ ശക്തമായ തിരിച്ചടി നൽകി. സിർസയിലെ ഇന്ത്യൻ വ്യോമാതിർത്തിക്ക് മുകളിലൂടെ വന്ന പാകിസ്ഥാൻ്റെ ദീർഘദൂര മിസൈൽ ഇന്ത്യ വിജയകരമായി തടഞ്ഞു. എസ്-400, ആകാശീർ, എൽ-70, സു-23, ഷിൽക്ക എന്നീ പ്രതിരോധ സംവിധാനമാണ് ഇന്ത്യൻ മണ്ണിലേക്കുള്ള പാകിസ്ഥാൻ്റെ മിസൈലുകളെയും ഡ്രോണുകളെയും തടയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *