ദേശീയപാത നിർമാണത്തിൽ സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി റിയാസ്
തിരുവനന്തപുരം : ഷിരൂർ ദുരന്തത്തിനു പിന്നാലെ സംസ്ഥാനത്തെ ദേശീയപാത നിർമാണത്തിലെ സുരക്ഷ ഉറപ്പാക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ്. ദേശീയപാത 66 നിർമാണത്തിൽ സുരക്ഷ ഉറപ്പാക്കണമെന്നും അതിനായി വിദഗ്ധരുടെ സഹായത്തോടെ സാങ്കേതിക പരിശോധന നടത്തണമെന്നും പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടു. മന്ത്രി മുഹമ്മദ് റിയാസിന്‍റെ നിർദേശപ്രകാരം വകുപ്പു സെക്രട്ടറിയാണ് ദേശീയപാത അതോറിറ്റി അധികൃതർക്ക് ഇതു സംബന്ധിച്ച കത്തയച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കത്തയച്ചത്. ദേശീയപാതയ്ക്കായി മണ്ണെടുത്ത ഇടങ്ങളിൽ ഇടങ്ങളിൽ കനത്തമഴയിൽ മണ്ണിടിച്ചിൽ ഉണ്ടായത് പരിശോധിക്കണമെന്നും തുടർ മണ്ണെടുപ്പുകൾ ഉണ്ടെങ്കിൽ അവ ശാസ്ത്രീയമായാണെന്ന് ഉറപ്പു വരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. നേരത്തെ പദ്ധതി അവലോകന യോഗത്തിലും സുരക്ഷ സംബന്ധിച്ച കാര്യം മന്ത്രി അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.