‘രൂപീകരിക്കുന്നത് രാഷ്ട്രീയ പാർട്ടിയല്ല; സാമൂഹിക സംഘടന; സിപിഎം സ്ഥാനാർഥികൾക്ക് കെട്ടിവച്ച കാശ് കിട്ടില്ല’

0

മലപ്പുറം∙  രാഷ്ട്രീയ പാർട്ടിയല്ല രൂപീകരിക്കുന്നതെന്ന് നിലമ്പൂർ എംഎൽഎ പി.വിഅൻവർ. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിന് സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിൽ സാമൂഹിക സംഘടനയാണ് രൂപീകരിക്കുന്നത്. തമിഴ്നാട്ടിലെ ഡിഎംകെ നേതാക്കൾ സമ്മേളനം കാണാനെത്തും. സമ്മേളനത്തിനുശേഷം താൻ അറസ്റ്റു ചെയ്യപ്പെടാമെന്നും പി.വി.അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് അൻവർ ഡിഎംകെ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇന്ന് വൈകിട്ട് മലപ്പുറം മഞ്ചേരിയിലാണ് പൊതുസമ്മേളനം വിളിച്ച് അൻവർ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്. കെട്ടിവച്ച കാശ് സിപിഎം സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പിൽ കിട്ടാത്ത രീതിയിലേക്ക് പോകുകയാണെന്ന് അൻവർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ തെറ്റായ നയങ്ങൾക്കൊപ്പം നിന്നത് എന്തിനാണെന്ന് പിന്നീട് പാർട്ടിക്ക് ജനങ്ങളോട് വിശദീകരിക്കേണ്ടിവരും. പാർട്ടി കണ്ണുരുട്ടി നിർത്തുന്നവർ തിരഞ്ഞെടുപ്പിൽ പ്രതികരിക്കും. പാർട്ടി പുനർവിചിന്തനം നടത്തിയില്ലെങ്കിൽ തിരിച്ചടിയുണ്ടാകും. ഓണത്തിന് കസേര കളി നടത്തുന്നതുപോലെ കസേര മാറ്റേണ്ട ആളല്ല എഡിജിപി അജിത്കുമാർ. പൊലീസ് ആസ്ഥാനത്തുനിന്ന് പുറത്താക്കി സസ്പെൻഡ് ചെയ്യണം. അജിത് കുമാർ എന്തിനു തൃശൂർ പൂരം നടത്തിപ്പിൽ വീഴ്ച വരുത്തി എന്ന് അന്വേഷിക്കണം. സ്വത്ത് സമ്പാദനവും അന്വേഷിക്കണം. രേഖകൾ സഹിതമാണ് അജിത് കുമാറിനെതിരെ പരാതി കൊടുത്തത്. എഡിജിപി ഫ്ലാറ്റ് വാങ്ങിയതും കൊടുത്തതും കള്ളപ്പണ ഇടപാടിലൂടെയാണ്. സസ്പെൻഡ് ചെയ്യാതെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. ജനങ്ങളെ സർക്കാർ പച്ചയ്ക്ക് പറ്റിക്കുന്നു. എഡിജിപി സർക്കാരിന്റെ സീമന്തപുത്രനാണെന്നും പി.വി.അൻവർ പറഞ്ഞു.

പതിനായിരക്കണക്കിന് ആളുകൾ തന്റെ സമ്മേളനത്തിൽ പങ്കെടുക്കും. പൊതുസമ്മേളനങ്ങൾ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ തുടരും. അൻവറിന്റെ കൂടെ ആളില്ലെന്നത് ഡിവൈഎഫ്ഐ നേതാക്കളുടെ പ്രതികരണമാണ്, അണികളുടേതല്ല. തനിക്കെതിരെ കേസുകൾ ഇനിയും വരും. നാളെ നിയമസഭയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെടാം. നിയമസഭയിൽ സീറ്റ് മാറ്റിയതിനെതിരെ സ്പീക്കർക്ക് പരാതി നൽകും. മുന്നോട്ടുപോകാൻ കഴിയാത്ത രീതിയിൽ തന്നെ പൂട്ടിയിരിക്കുകയാണ്. ഭൂമി വിറ്റുപോലും ചെലവ് നടത്താൻ കഴിയാത്ത സ്ഥിതിയാണ്. സിപിഎമ്മിനുവേണ്ടി നിരവധിപേരെ താൻ ശത്രുവാക്കി. നേതാക്കൾക്കെതിരെ പ്രതികരിച്ചപ്പോൾ ചവിട്ടി പുറത്താക്കി. പാർട്ടിയിൽനിന്ന് ആളുകൾ വിളിച്ച് പിന്തുണ നൽകുന്നുണ്ട്. സ്വർണം കടത്തുന്നത് ഒരു സമുദായമാണെന്ന് ജലീൽ പ്രസ്താവന നടത്തിയെങ്കിൽ തെറ്റാണ്. ജലീൽ അത്രത്തോളം തരംതാഴുമെന്ന് വിശ്വസിക്കുന്നില്ലെന്നും പി.വി.അൻവർ പറഞ്ഞു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *