“ഭരണഘടനയെ തകർക്കാൻ കോൺഗ്രസും സഖ്യകക്ഷികളും ഗൂഢാലോചന നടത്തുന്നു ” നരേന്ദ്രമോദി
ധുലെ : പട്ടികജാതി, ആദിവാസി, മറ്റ് പിന്നാക്ക സമുദായങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് കോൺഗ്രസ്സ് നടത്തുന്നതെന്നും അവരുടെ പുരോഗതി കോൺഗ്രസ്സ്‌പാർട്ടി ഇഷ്ട്ടപെടുന്നില്ല എന്നും പ്രധാനമന്ത്രിനരേന്ദ്ര മോദി . മഹായുതി സഖ്യത്തിൻ്റെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ധൂലെയിൽ ആരംഭം കുറിച്ചുകൊണ്ട് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “ജാതികളെയും ഗോത്രങ്ങളെയും വിഭജിക്കുന്നത് ഇന്ത്യക്കെതിരായ ഏറ്റവും വലിയ ഗൂഢാലോചനയാണ്. ഏക് ഹെയ്ൻ ടു സേഫ് ഹെയ്ൻ (ഐക്യമെങ്കിൽ സുരക്ഷിതം)” അദ്ദേഹം പ്രഖ്യാപിച്ചു.
കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഘാഡി (എംവിഎ) അധികാരത്തിലെത്തിയാൽ ‘ലഡ്‌കി ബഹിൻ പദ്ധതി’ അവസാനിപ്പിക്കുമെന്ന് മോദി മുന്നറിയിപ്പ് നൽകി. ബിആർ അംബേദ്ക്കർ എഴുതിയ ഭരണഘടനയെ തകർക്കാൻ കോൺഗ്രസും സഖ്യകക്ഷികളും ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ട് കശ്മീരിൽ പാക്കിസ്ഥാൻ്റെ അജണ്ട നടപ്പാക്കാൻ കോൺഗ്രസ് ശ്രമിക്കരുത്. കശ്മീരിൽ ഭരണഘടന നടപ്പാക്കാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. ആർട്ടിക്കിൾ 370 കശ്മീരിൽ പുനഃസ്ഥാപിക്കാൻ ആർക്കും കഴിയില്ലെന്നും മോദി പറഞ്ഞു.
വടക്കൻ മഹാരാഷ്ട്രയിലെ ധൂലെ, നാസിക് മേഖലകളിലെ തൻ്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കവെ, മഹായുതി സർക്കാരിന് വീണ്ടും മോദി പിന്തുണ തേടി. 2014-ൽ ബി.ജെ.പി സർക്കാരിനായുള്ള തൻ്റെ അഭ്യർത്ഥനയെ ധൂലെ പിന്തുണച്ചതെങ്ങനെയെന്ന് മോദി വോട്ടർമാരെ ഓർമ്മിപ്പിച്ചു.
“പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവർ സംവരണ വിരുദ്ധ നയങ്ങൾ നടപ്പാക്കി. രാജീവ് ഗാന്ധി ഒബിസി സംവരണത്തെ എതിർത്തു. ഇപ്പോൾ അവർ ഒബിസിയിലെ ജാതികളെയും ആദിവാസി വിഭാഗങ്ങളിലെ വിവിധ ഗോത്രങ്ങളെയും വിഭജിക്കുന്നു. ഇതാണ് ഇന്ത്യക്കെതിരായ ഏറ്റവും വലിയ ഗൂഢാലോചന,” മോദി പറഞ്ഞു.
പ്രതിമാസം 1,500 രൂപ സഹായം നൽകുന്ന ‘ലഡ്‌കി ബഹിൻ പദ്ധതി’ നിർത്തലാക്കാൻ കോൺഗ്രസ് നേതൃത്വത്തിലുള്ള എംവിഎ ഗൂഢാലോചന നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദശകത്തിൽ തൻ്റെ ഗവൺമെൻ്റ് സ്ത്രീ ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്ന് എടുത്തുപറഞ്ഞ മോദി, ഇത്തരം സംരംഭങ്ങളെ കോൺഗ്രസ് ആദ്യം പരിഹസിച്ചെങ്കിലും ഇപ്പോൾ അവർ അത് അനുകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. സ്ത്രീ സുരക്ഷയും തൊഴിലവസരങ്ങളും വർധിപ്പിക്കാൻ ലക്ഷ്യമിട്ട് 25,000 സ്ത്രീകളെ പോലീസ് സേനയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള മഹായുതി സർക്കാരിൻ്റെ പദ്ധതി അദ്ദേഹം പ്രഖ്യാപിച്ചു.മഹാരാഷ്ട്ര കൊള്ളയടിക്കാനാണ് എംവിഎയുടെ ഉദ്ദേശം. ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനത്തിനായി അവർ പരസ്പരം പോരടിക്കുകയാണ്. മറുവശത്ത് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ സർക്കാരിനെ നയിച്ച് മഹാരാഷ്ട്രയുടെ യശസ്സ് പുനഃസ്ഥാപിച്ചു. മഹായുതി ഉണ്ടെങ്കിൽ അതിന് വേഗതയുണ്ട്. പുരോഗതിയുണ്ട് ,” മോദി പറഞ്ഞു.
“ബിജെപിയും മഹായുതി സർക്കാരും സ്ത്രീ ശാക്തീകരണത്തിന് പ്രതിജ്ഞാബദ്ധരാണ്. എന്നാൽ കോൺഗ്രസ് നേതൃത്വത്തിലുള്ള എംവിഎ അധികാരത്തിൽ വന്നാൽ ലഡ്‌കി ബഹിൻ പദ്ധതി റദ്ദാക്കും. സ്ത്രീശാക്തീകരണത്തെ പിന്തുണയ്ക്കാത്ത എംവിഎയെക്കുറിച്ച് സ്ത്രീകൾ ജാഗ്രത പാലിക്കണം,” മോദി മുന്നറിയിപ്പ് നൽകി.