‘വോട്ട് മോഷണ’ത്തിനുമെതിരെയുള്ള  പ്രചാരണം രാജ്യവ്യാപകമാക്കാൻ കോൺഗ്രസ്

0
KHARGHE

ന്യൂഡൽഹി: രാജ്യവ്യാപകമായി ബിജെപിക്കും  ‘വോട്ട് മോഷണ’ത്തിനുമെതിരെയുള്ള  പ്രചാരണം ശക്തമാക്കാൻ കോൺഗ്രസ്. എല്ലാ സംസ്ഥാനങ്ങളിലേയും കോൺഗ്രസ് അധ്യക്ഷന്മാരുമായി നാളെ ഈ വിഷയം ചർച്ച ചെയ്യുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ‘വോട്ട് മോഷണം’ എന്ന ആരോപണം ഉന്നയിക്കുകയും വാര്‍ത്താ സമ്മേളനത്തില്‍ വ്യാജ വോട്ടുകളെ കുറിച്ച് വിശദീകരിക്കുകയും ചെയ്‌തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് രാജ്യവ്യാപക ക്യാമ്പയിന് ഒരുങ്ങുന്നത്.

ഭരണകക്ഷിയായ ബിജെപിക്കെതിരായി ഒരു രൂപരേഖ യോഗത്തിൽ അവതരിപ്പിക്കുമെന്നും ഖാർഗെ പറഞ്ഞു. യൂത്ത് കോൺഗ്രസ്, നാഷണൽ സ്റ്റുഡൻ്റ്സ് യൂണിയൻ ഓഫ് ഇന്ത്യ, മഹിളാ കോൺഗ്രസ്, സേവാദൾ തുടങ്ങിയ മുന്നണി സംഘടനകളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.

കഴിഞ്ഞ 11 വർഷങ്ങളായി ഭരണത്തിലുള്ള ബിജെപിക്കെതിരെയുള്ള ഏറ്റവും വലിയൊരു ആയുധമായിട്ടാണ് കോണ്‍ഗ്രസ് ഇതിനെ കാണുന്നത്. രാഹുൽ ഗാന്ധിയെ ലക്ഷ്യം വച്ചും അപകീർത്തിപ്പെടുത്തിയും, രാജ്യത്തിൻ്റെ രാഷ്ട്രീയത്തെക്കുറിച്ച് ധാരണയില്ലാത്ത, കുടുംബപ്പേര് കാരണം കോൺഗ്രസിൽ നേതൃസ്ഥാനം നേടാൻ കഴിഞ്ഞ മടിയനായ ഒരു രാഷ്ട്രീയക്കാരനായി ചിത്രീകരിച്ചു കൊണ്ടായിരുന്നു ഇതുവരെ ബിജെപിപ്രചാരണം നടത്തിയിരുന്നത് .

രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ കശ്‌മീർ വരെ 4,000 കിലോമീറ്റർ സഞ്ചരിച്ച് രാജ്യത്തെ ഒന്നിപ്പിക്കുക എന്ന സന്ദേശവുമായി 2022-ല്‍ ഭാരത് ജോഡോ യാത്ര നടത്തിയതിന് പിന്നാലെ അദ്ദേഹത്തിൻ്റെ പ്രതിച്ഛായ ഉയരുകയും ബിജെപിയും കള്ള പ്രചാരണങ്ങള്‍ പൊളിയുകയും ചെയ്‌തിരുന്നു. ഇപ്പോൾ തിരിച്ചുവരവിൻ്റെ പാതയിലാണ് കോണ്‍ഗ്രസ്.

“വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള അവകാശം വളരെ പ്രധാനമാണ്. ഈ വോട്ട് മോഷണം എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ ഡാറ്റ ഞങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്,” അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) അഗം ചന്ദൻ യാദവ് പറഞ്ഞു.

“ഭാവിയിലെ തെരഞ്ഞെടുപ്പുകൾ സുരക്ഷിതമാക്കുന്നതിന് ആവശ്യമായ തിരുത്തലുകൾ വരുത്തുന്നതിനായി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സമ്മർദ്ദം ചെലുത്തുക എന്നതും ഞങ്ങളുടെ പ്രചാരണത്തിൻ്റെ ലക്ഷ്യമായിരിക്കും,” അദ്ദേഹം പറഞ്ഞു.

രാജ്യത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ വോട്ടുമോഷണത്തിന് കൂട്ടുനിന്നു എന്ന ഗുരുതരമായ ആരോപണവും കോൺഗ്രസ്സ് ആരോപിക്കുന്നുണ്ട് . തൃശൂരിൽ സുരേഷ്ഗോപിയുടെ വിജയത്തിനെതിരെ ഇടത് -വലതുപക്ഷ നേതാക്കൾ ശക്തമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *