101 സീറ്റുകൾ ഇന്ത്യ സഖ്യത്തിന്; കോൺഗ്രസ് ഇക്കുറി മത്സരിക്കുന്നത് 328 സീറ്റുകളിൽ
ബെംഗളൂരു: ചരിത്രത്തിലാദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 ൽ താഴെ സീറ്റുകളിൽ മത്സരിച്ച് കോൺഗ്രസ്. ഇക്കുറി 328 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. 2019 ൽ മത്സരിച്ചതിൽ നിന്ന് 93 സീറ്റുകളിൽ ഇക്കുറി പാർട്ടി മത്സരിക്കുന്നില്ല.2019 ൽ മത്സരിച്ചിരുന്ന 101 സീറ്റുകൾ ഇത്തവണ കോൺഗ്രസ് ഇന്ത്യ സഖ്യത്തിലെ പാർട്ടികൾക്കായി കൈമാറി. ഇതിന് പുറമെ സൂറത്ത് അടക്കമുള്ള മണ്ഡലങ്ങളലെ സ്ഥാനാർത്ഥികൾ ഇല്ലാതായതും സീറ്റ് കുറയാൻ കാരണമായി. കർണാടകത്തിലും ഒഡിഷയിലുമാണ് കോൺഗ്രസ് അധികം സീറ്റുകളിൽ മത്സരിക്കുന്നത്. മിസോറാമിൽ 2019 ൽ സ്വതന്ത്രനെ പിന്തുണച്ച സ്ഥാനത്ത് ഇക്കുറി പാർട്ടി മത്സരിക്കുന്നുണ്ട്. കർണാടകത്തിലെ 28 സീറ്റിലും ഒഡിഷയിൽ 20 സീറ്റുകളിലും (2019 ൽ 18 സീറ്റ്) കോൺഗ്രസ് മത്സരിക്കുന്നത്.
2019 ലെ തെരഞ്ഞെടുപ്പിലാണ് ഇതിന് മുൻപ് ഏറ്റവും കുറവ് സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചത്(417). 2009ൽ 440 സീറ്റിലും 2014ൽ 464 സീറ്റിലും 2019 ൽ 421 സീറ്റിലുമാണ് പാർട്ടി സ്ഥാനാർത്ഥികളെ ഇറക്കിയിരുന്നത്. 2019 ൽ മത്സരിച്ചതിനേക്കാൾ രാജ്യത്തെ 12 സംസ്ഥാനങ്ങളിലാണ് സീറ്റുകൾ കുറച്ച് കോൺഗ്രസ് മത്സരിക്കുന്നത്. ഇതിൽ ഏറ്റവും കുറവുണ്ടായത് ഉത്തർപ്രദേശിലാണ്. 2019 ൽ സംസ്ഥാനത്ത് കോൺഗ്രസ് മുഖ്യ സഖ്യകക്ഷികൾ ഉണ്ടായിരുന്നില്ല. അതേസമയം സമാജ്വാദി പാർട്ടിയും ബിഎസ്പിയും സഖ്യമായും ബിജെപി ഒറ്റയ്ക്കുമാണ് മത്സരിച്ചത്. സംസ്ഥാനത്ത് ആകെയുള്ള 80 ൽ 67 സീറ്റിലും മത്സരിച്ച കോൺഗ്രസിന് റായ്ബറേലിയിലെ സോണിയ ഗാന്ധിയുടെ മാത്രം വിജയം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഇക്കുറി കോൺഗ്രസും സമാജ്വാദി പാർട്ടി(എസ്പി)യും ഒന്നിച്ചാണ് മത്സരിക്കുന്നത്. സഖ്യത്തിന്റെ ഭാഗമായി ഇവിടെ 17 സീറ്റിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. ഇത് കഴിഞ്ഞാൽ ഏറ്റവും വലിയ കുറവ് പശ്ചിമ ബംഗാളിലാണ്. ഇവിടെ 42 സീറ്റുകളാനുള്ളത്, ഇവിടെ 40 എണ്ണത്തിൽ കോൺഗ്രസ് 2019 ൽ മത്സരിച്ചിരുന്നു.ഇത്തവണ ഇടതുപാർട്ടികളുമായി ചേർന്ന് മത്സരിക്കുന്ന കോൺഗ്രസ് ഇവിടെ 14 സീറ്റുകളിൽ മാത്രമാണ് സ്ഥാനാർത്ഥികളെ നിർത്തിയത്. മഹാരാഷ്ട്രയിൽ സ്ഥിതി അൽപ്പം കൂടി സങ്കീർണ്ണമാണ്. എൻസിപിയുമായി സഖ്യത്തിലാണ് മഹാരാഷ്ട്രയിൽ 2019ലെ കോൺഗ്രസിന്റെ മത്സരം.ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും ഈ സഖ്യത്തിൻ്റെ ഭാഗമാണ്. ഇതോടെ 2019 ൽ 25 സീറ്റിൽ മത്സരിച്ച കോൺഗ്രസ്, 17 സീറ്റുകളിൽ മാത്രമാണ് ഇത്തവണ മത്സരിക്കുന്നത്.