എടപ്പാൾ സിഐടിയു ആക്രമണം: പ്രതികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, കോൺഗ്രസ് പ്രതിഷേധം.
എടപ്പാൾ: എടപ്പാളിൽ സിഐടിയു പ്രവർത്തകരുടെ ആക്രമണം ഭയന്ന് നിർമാണത്തൊഴിലാളി കെട്ടിടത്തിൽനിന്ന് ചാടിയ സംഭവത്തിൽ 5 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്. പൊലീസ് നടപടിയെത്തുടർന്ന് കോൺഗ്രസ് ചങ്ങരംകുളം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ദുർബലമായ വകുപ്പുകൾ ചുമത്തി പ്രതികളെ വിട്ടയച്ചതിൽ പ്രതിഷേധിച്ചാണ് ഉപരോധം.നോക്കുകൂലി ആവശ്യപ്പെട്ട് സംഘടിച്ചെത്തിയ സിഐടിയു പ്രവർത്തകരിൽനിന്ന് രക്ഷപ്പെടാനാണ് കൊല്ലം പത്തനാപുരം പാതിരിക്കൽ ലക്ഷംവിട്ടീൽ ഫയാസ് ഷാജഹാൻ (21) കെട്ടിടത്തിൽനിന്ന് ചാടിയത്.
സംഭവം നടന്ന കെട്ടിടത്തിൽനിന്ന് 6 മീറ്ററോളം അകലെയുള്ള മറ്റൊരു കെട്ടിടത്തിലേക്കാണ് ഫയാസ് ചാടിയത്. മൂന്നാം നിലയിലേക്ക് വീണതിനാൽ പരുക്കുകളോടെ രക്ഷപ്പെട്ടു. കെട്ടിടത്തിനു താഴേക്ക് വീണിരുന്നെങ്കിൽ വലിയ ദുരന്തമാകുമായിരുന്നു.ഫയാസ് ഉൾപ്പെടെ 9 തൊഴിലാളികൾക്കുനേരെയാണ് നോക്കുകൂലിയാവശ്യപ്പെട്ട് മുപ്പതോളം സിഐടിയു പ്രവർത്തകർ ഭീഷണിയുമായെത്തിയത്. കരാറെടുത്തവരുടെ നിർദേശപ്രകാരം ജോലിയെടുക്കുന്നവരാണ് തൊഴിലാളികൾ എന്നറിഞ്ഞിട്ടും മർദിക്കുകയായിരുന്നു. ചർച്ചകൾക്കുശേഷം തർക്കം അവസാനിച്ചപ്പോഴാണ് ഫയാസിന്റെ നിലവിളി കേട്ടത്. ഫയാസ് തൃശൂർ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്.