ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ച് കോൺഗ്രസ്സ് : മുംബൈയിൽ വൻ ജനപങ്കാളിത്തം

സ്വാതന്ത്ര്യത്തിൻ്റെ ധീര സ്‌മരണകൾ പുതുക്കി മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ്സ്
മുംബൈ: മഹാത്മാഗാന്ധിയുടെ ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന ചരിത്രപ്രസിദ്ധമായ മുദ്രാവാക്യത്തിന് ജന്മം നൽകിയ മണ്ണിൽ വൻ ജനപങ്കാളിത്തത്തോടെ കോൺഗ്രസ് നടത്തിയ ക്വിറ്റ് ഇന്ത്യാ ദിന അനുസ്മരണ പരിപാടികൾ ശ്രദ്ധേയമായി. വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാൻ ഈ പോരാട്ടവീര്യം അനിവാര്യമാണെന്ന് നേതാക്കൾ ജനങ്ങളെ അഭിസംബോധനചെയ്തുകൊണ്ട്ഓ പറഞ്ഞു. മുംബൈയിലെ ചൗപ്പാട്ടിയിൽ നിന്ന് ഓഗസ്റ്റ് ക്രാന്തി മൈതാനത്തേക്ക് നടത്തിയ പദയാത്ര ആവേശം നിറഞ്ഞതായിരുന്നു. ധീരരക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം നേതാക്കൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിറവിയെടുത്ത തേജ്പാൽ ഹാൾ, ഗാന്ധിജിയുടെ കർമ്മമണ്ഡലമായിരുന്ന മണി ഭവൻ എന്നിവിടങ്ങളിലും സന്ദർശനം നടത്തി.
മഹാരാഷ്ട്ര പി.സി.സി പ്രസിഡൻ്റ് ഹർഷവർദ്ധൻ സക്പാൽ, മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗായിക്ക്വാദ്, ഗാന്ധിജിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. മഹാരാഷ്ട്ര കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ് ഉൾപ്പെടെയുള്ള സംസ്ഥാന ഭാരവാഹികളും മറ്റ് പ്രമുഖ നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും അനുസ്മരണ പരിപാടികളിൽ പങ്കെടുത്തു.
രാജ്യത്തിൻ്റെ ചരിത്രവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് ഹർഷവർദ്ധൻ സക്പാൽ പ്രസ്താവിച്ചു. വർഷ ഗായിക്ക്വാദ്, ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത സ്ത്രീകളുടെ പങ്ക് എടുത്തുപറയുകയും, എല്ലാ കോൺഗ്രസ് പ്രവർത്തകരും ആ ആവേശത്തിൽ മുന്നോട്ട് പോകണമെന്നും ആഹ്വാനം ചെയ്തു.
ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ, ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ചരിത്രം ഓർമ്മിപ്പിക്കേണ്ടത് ഒരു കടമയാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നടത്തുന്ന പോരാട്ടങ്ങൾക്ക് ഈ ചരിത്രഭൂമിയിൽ നിന്നുള്ള ഊർജ്ജം വലിയ കരുത്ത് നൽകുമെന്നും എംപിസിസി ജനറൽ സെക്രട്ടറി ജോജോ തോമസ് പറഞ്ഞു.