രാഹുൽ കശ്മീരിൽ, ജമ്മു കശ്മീർ തിരഞ്ഞെടുപ്പ്: കോൺഗ്രസ് റാലികൾക്ക് തുടക്കമാകുന്നു,
ശ്രീനഗർ∙ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ജമ്മു കശ്മീരിൽ. രണ്ടു റാലികളിൽ അദ്ദേഹം പങ്കെടുക്കും. റംബാൻ, അനന്ത്നാഗ് ജില്ലകളിലാണ് ഇന്നത്തെ റാലി. സെപ്റ്റംബർ 18ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള റാലികളിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുക.
ജമ്മുവിലെത്തുന്ന രാഹുൽ ബനിഹാൽ മണ്ഡലത്തിൽ മത്സരിക്കുന്ന വികാർ റസൂൽ വാനിക്കു വേണ്ടിയാണ് ആദ്യം പ്രചാരണം നടത്തുക. അതിനുശേഷം അനന്ത്നാഗ് ജില്ലയിലെ ദൂരുവിലേക്ക് പോകും. അവിടെ മത്സരിക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിറിന് വേണ്ടിയുള്ള റാലിയെ രാഹുൽ അഭിസംബോധന ചെയ്യും. തുടർന്ന് വൈകിട്ടോടെ ഡൽഹിയിലേക്ക് മടങ്ങും.
രാഹുൽ ഗാന്ധിയ്ക്ക് പുറമെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരും ജമ്മു കശ്മീരിൽ നടക്കുന്ന ഒന്നിലധികം തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. 40 താര പ്രചാരകരാണ് കോണ്‍ഗ്രസിനു വേണ്ടി ജമ്മു കശ്മീരിലെത്തുക.
നാഷനൽ കോൺഫറൻസിനൊപ്പമാണ് കോൺഗ്രസ് ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 90 അംഗ സഭയിൽ 51 സീറ്റുകളിൽ നാഷനൽ കോൺഫറൻസും 32 സീറ്റുകളിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്. മൂന്നു ഘട്ടമായാണ് ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ്. ഒക്ടോബർ 8നാണ് വോട്ടെണ്ണൽ.