കോൺഗ്രസ് സമ്മാന കൂപ്പൺ നൽകുന്നെന്ന് കുമാരസ്വാമി; കർണാടക ഉപതിരഞ്ഞെടുപ്പിൽ 45 സ്ഥാനാർഥികൾ
 
                ബെംഗളൂരു ∙ കർണാടകയിലെ 3 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത് 3 വനിതകളടക്കം 45 സ്ഥാനാർഥികൾ. ചന്നപട്ടണയിലാണു കൂടുതൽ സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത്, 31 പേർ. ഷിഗ്ഗാവിൽ എട്ടും സന്ദൂരിൽ ആറും സ്ഥാനാർഥികളുണ്ട്. ഷിഗ്ഗാവിൽ സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുൻ എംഎൽഎ സയീദ് അസീം ഖാദിരി അവസാനനിമിഷം പത്രിക പിൻവലിച്ചതു കോൺഗ്രസിന് ആശ്വാസമായി. മന്ത്രി സമീർ അഹമ്മദ് ഖാനൊപ്പം എത്തിയാണു ഖാദിരി പത്രിക പിൻവലിച്ചത്.
മണ്ഡലത്തിലെ മറ്റൊരു കോൺഗ്രസ് വിമതനായ മുൻ എംപി മഞ്ജുനാഥ് കുന്നൂറിന്റെ പത്രിക സൂക്ഷ്മപരിശോധനയ്ക്കു ശേഷം തള്ളിയിരുന്നു. ചന്നപട്ടണ ഉപതിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസ് സമ്മാന കൂപ്പൺ വിതരണം ചെയ്യുന്നതായി കേന്ദ്രമന്ത്രി എച്ച്.ഡി.കുമാരസ്വാമി ആരോപിച്ചു. ‘‘കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മാഗഡി, രാമനഗര മണ്ഡലങ്ങളിൽ 5,000 രൂപയുടെ സമ്മാന കൂപ്പൺ കോൺഗ്രസ് വിതരണം ചെയ്തിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം ഇവയുമായി ബെംഗളൂരുവിലെ മാളിലെത്തിയപ്പോഴാണ് അവ വ്യാജമാണെന്നും കബളിപ്പിക്കപ്പെട്ടതായും വോട്ടർമാർ അറിഞ്ഞത്. സമാന തന്ത്രമാണ് ചന്നപട്ടണയിലും പയറ്റുന്നത്’’– കുമാരസ്വാമി ആരോപിച്ചു.
∙ ജി.ടി.ദേവെഗൗഡയെ വെട്ടി
നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾക്കുള്ള ജനതാദളിന്റെ താരപ്രചാരകരുടെ പട്ടികയിൽനിന്ന് പാർട്ടി സംസ്ഥാന നിർവാഹക സമിതി അധ്യക്ഷൻ ജി.ടി.ദേവെഗൗഡ എംഎൽഎയെ ഒഴിവാക്കി. സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമി പ്രഖ്യാപിച്ച പട്ടികയിൽ മുൻ പ്രധാനമന്ത്രിയും ദൾ ദേശീയ അധ്യക്ഷനുമായ എച്ച്.ഡി.ദേവെഗൗഡ ഉൾപ്പെടെ 40 പേരാണുള്ളത്. ചന്നപട്ടണയിലെ ദൾ സ്ഥാനാർഥി നിഖിൽ ഗൗഡയുടെ പ്രചാരണത്തിന് ഇറങ്ങില്ലെന്നും തന്നെ ആരും അവിടേക്ക് ക്ഷണിച്ചിട്ടില്ലെന്നും ജി.ടി.ദേവെഗൗഡ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെയാണു പാർട്ടിക്കുള്ളിലെ കല്ലുകടി പരസ്യമായത്.
ജി.ടി.ദേവെഗൗഡയ്ക്ക് നിയമസഭാ കക്ഷി നേതൃസ്ഥാനം നിഷേധിക്കപ്പെട്ടതു മുതൽ വിവിധ വിഷയങ്ങളിൽ വിമത ശബ്ദമുയർത്താറുണ്ട് അദ്ദേഹം. മൈസൂരു ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജിക്കായി ബിജെപിയും ദളും മുറവിളി കൂട്ടുന്നതിനിടെ, അതാവശ്യമില്ലെന്ന് ജി.ടി.ദേവെഗൗഡ തുറന്നടിച്ചത് ദളിനെ വെട്ടിലാക്കിയിരുന്നു. പീഡനക്കേസുകളിൽ പ്രതിയായ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ പിതാവും ദൾ എംഎൽഎയുമായ എച്ച്.ഡി.രേവണ്ണയെയും താരപ്രചാരകരുടെ പട്ടികയിൽനിന്ന് ഒഴിവാക്കി. കുമാരസ്വാമിയുടെ സഹോദരനാണ് രേവണ്ണ.

 
                         
                                             
                                             
                                             
                                         
                                         
                                         
                                        