കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, രണ്ടക്കം കടന്നില്ല
പട്‌ന: ബിഹാറില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്. നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂർത്തിയാകാറാകുമ്പോള്‍ കോണ്‍ഗ്രസ് രണ്ടക്കം പോലും കാണാതെ കിതയ്ക്കുകയാണ്. 4 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡ്. ഇത്തവണ 61 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചിരുന്നത്. മുന്നണിയിലെ മറ്റു പാര്‍ട്ടികളും കോണ്‍ഗ്രസും തമ്മില്‍ ഏഴു സീറ്റുകളില്‍ പരസ്പരം മത്സരിച്ചതും മഹാസഖ്യത്തിന് തിരിച്ചടിയായിട്ടുണ്ട്.
2020 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 70 സീറ്റുകളിലാണ് മത്സരിച്ചിരുന്നത്. 19 സീറ്റുകളില്‍ വിജയിച്ചു. അന്ന് കോണ്‍ഗ്രസിന് ആകെ ലഭിച്ച വോട്ടു വിഹിതം 9. 48 ശതമാനമായിരുന്നു. എന്നാല്‍ ഇത്തവണ രാഹുല്‍ഗാന്ധിയുടെ റാലിയുടെയെല്ലാം മികവില്‍ കൂടുതല്‍ സീറ്റുകള്‍ വിജയിക്കാനാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഇത്തവണ കോണ്‍ഗ്രസ് സംസ്ഥാനത്തെ പ്രമുഖരെയെല്ലാം സ്ഥാനാര്‍ത്ഥികളാക്കിയിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജേഷ് റാം കുടുംബ സംവരണ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. മുതിര്‍ന്ന നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന്‍ കദ്വയിലും ഷഷ്രാവത് കേദാര്‍ പാണ്ഡെ നര്‍കട്യാഗഞ്ജിലും കമറുള്‍ ഹോഡ കിഷന്‍ ഗഞ്ചിലും ജനവിധി തേടിയിരുന്നു.
