ഭാര്യയെയും മകനെയുംആലിംഗനം ചെയ്‌ത് ശുഭാംശു: ബഹിരാകാശ സഞ്ചാരിയുടെ വിജയകരമായ തിരിച്ചു വരവ് (VIDEO)

ഹൈദരാബാദ്: ബഹിരാകാശ നിലയത്തിൽ നിന്നും ഭൂമിയിലേക്ക് മടങ്ങിയെത്തിയ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല കുടുംബത്തെ കണ്ടു. ഭാര്യ കാംനയെയും നാലുവയസുകാരൻ മകനെയും വാരിപ്പുണരുന്ന ചിത്രങ്ങൾ സമൂഹ മാധ്യങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. യുഎസിലെ ഹ്യൂസ്റ്റൺ ആണ് ഈ വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായത്.
നേരത്തെ യാത്ര തിരിക്കുന്നതിന് മുന്നോടിയായി ഗ്ലാസ് ഡോറിന്‍റെ ഇരുവശങ്ങളിലും നിന്ന് ഇരുവരും യാത്ര പറയുന്ന ചിത്രങ്ങളും സമൂഹ മാധ്യങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. തന്‍റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ശുഭാംശു ഭാര്യയെയും മകനെയും കെട്ടിപ്പിടിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചത്. “ബഹിരാകാശ യാത്ര അത്ഭുതകരമാണ്, പക്ഷേ ഒരുപാട് കാലത്തിന് ശേഷം പ്രിയപ്പെട്ടവരെ കാണുന്നതും അതുപോലെ തന്നെ അത്ഭുതകരമാണെമന്നാണ്” അദ്ദേഹം പോസ്റ്റിന് താഴെ കുറിച്ചത്.ബഹിരാകാശ യാത്രയ്‌ക്ക് മുന്നോടിയായി ക്വാറന്‍റൈനിൽ പോയ ശുഭാംശു രണ്ട് മാസങ്ങൾക്ക് ശേഷമാണ് കുടുംബത്തെ അടുത്ത് നിന്ന് കാണുന്നത്. ക്വാറന്‍റൈനിലുള്ളപ്പോൾ കുടുംബത്തെ കാണാൻ അനുവാദമുണ്ടായിരുന്നെങ്കിലും 6 മീറ്റർ അകലെ നിന്ന് മാത്രമേ കാണാനാവൂ. കർശനമായ പ്രീ-ലോഞ്ച് പ്രോട്ടോക്കോളുകൾ മൂലമാണ് ശുഭാംശുവിന് ക്വാറന്‍റൈനിൽ കഴിയേണ്ടി വന്നത്. ദൗത്യത്തിന് 15 ദിവസം മുമ്പാണ് ക്വാറന്‍റൈൻ എങ്കിലും ദൗത്യം നിരവധി തവണ മാറ്റിവെച്ചതിനാൽ തന്നെ പ്രതീക്ഷിച്ചതിലും ക്വാറന്‍റൈനും കൂടുതൽ ദിവസം നീണ്ടുനിന്നു.
ജൂലൈ 15ന് ഭൂമിയിൽ തിരികെയെത്തിയ ശുഭാംശുവിന് 7 ദിവസത്തെ പുനരധിവാസ പദ്ധതി പൂർത്തിയാക്കിയതിന് ശേഷമേ വീട്ടിലേക്ക് മടങ്ങാനാവൂ. മൈക്രോഗ്രാവിറ്റിയിൽ കഴിഞ്ഞതിനാൽ തന്നെ ഇവർക്ക് ഭൂമിയുടെ ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. ഇത് കണക്കിലെടുത്താണ് 7 ദിവസത്തെ പുനരധിവാസ പരിപാടിക്ക് വിധേയരാക്കുന്നത്.
ജൂലൈ 15ന് ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മണിയോടെയാണ് ശുഭാംശു ഉൾപ്പെടെയുള്ള നാലംഗ സംഘം ഭൂമിയിൽ തിരികെയെത്തിയത്. ഏകദേശം ഇരുപത്തി രണ്ടര മണിക്കൂർ സമയമെടുത്താണ് ഭൂമിയിലെത്തി ചേർന്നത്. തുടർന്ന് ഇവരെ പ്രാഥമിക ആരോഗ്യ പരിശോധനകൾക്ക് വിധേയരാക്കിയിരുന്നു.
നാസയുടെ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്‌സ് 39എയില്‍ നിന്ന് 2025 ജൂൺ 25ന് ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12നായിരുന്നു ആക്‌സിയം 4 ദൗത്യത്തിന്‍റെ വിക്ഷേപണം. സ്‌പേസ്‌എക്‌സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിലാണ് വിക്ഷേപിച്ചത്. 14 ദിവസത്തെ ദൗത്യമായിരുന്നെങ്കിലും പിന്നീട് 18 ദിവസത്തേക്ക് നീളുകയായിരുന്നു.
ബഹിരാകാശ നിലയത്തിൽ ശുക്ലയും സംഘവും 230 സൂര്യോദയങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. 60 പരീക്ഷണങ്ങളാണ് സംഘം ബഹിരാകാശ നിലയത്തില്‍ നടത്തിയത്. ശാസ്ത്രീയ ഗവേഷണം, ആശയവിനിമയം, വാണിജ്യ പ്രവർത്തനങ്ങൾ എന്നീ ലക്ഷ്യങ്ങളുമായാണ് ദൗത്യം വിക്ഷേപിച്ചത്. ആഗോളതലത്തിൽ ദേശീയ ബഹിരാകാശ പദ്ധതികൾക്ക് പ്രാധാന്യം നൽകുന്നതാണ് ആക്‌സ്-4 ദൗത്യം.
1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ ഇന്ത്യക്കാരനായ രാകേഷ് ശർമ്മ നടത്തിയ ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷം ബഹിരാകാശത്തേക്ക് യാത്ര ചെയ്‌ത രണ്ടാമത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം. ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരൻ !